Readers Mirror Readers Mirror Author
Title: കോടമഞ്ഞ് പുതഞ്ഞ കക്കാടംപൊയിൽ സുന്ദരിയാണ്
Author: Readers Mirror
Rating 5 of 5 Des:
      അഡ്വഞ്ചറസ് റൈഡുമായി ബന്ധപ്പെട്ടാണ് കക്കാടംപൊയിലിനെക്കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത്. ഓഫ് റോഡ് റൈഡേഴ്‌സായ കുറച്ചു സാഹസിക യാത്രക്കാർ പ...
      അഡ്വഞ്ചറസ് റൈഡുമായി ബന്ധപ്പെട്ടാണ് കക്കാടംപൊയിലിനെക്കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത്. ഓഫ് റോഡ് റൈഡേഴ്‌സായ കുറച്ചു സാഹസിക യാത്രക്കാർ പറഞ്ഞ കക്കാടംപൊയിലിനെ അറിയാൻ അന്നു ഞാൻ ആദ്യമായി കക്കാടംപൊയിൽ കയറി. ശരിക്കും അഡ്വഞ്ചറസായിരുന്നു ആ യാത്ര. ടാറ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ കുത്തനെയുള്ള ഇടുങ്ങിയ വഴി. വലിയ ഉരുളൻ കല്ലുകളിൽ കയറി ബുള്ളറ്റ് പലവട്ടം നിലതെറ്റിയെങ്കിലും ഭാഗ്യത്തിനു മറിഞ്ഞില്ല. കയറ്റതിനു പാതിയിൽ പലവട്ടം അവൻ ചങ്കിടിച്ച് നിന്നു. ബ്രേക്ക് കിട്ടാതെ പിന്നോട്ട് ഉരുണ്ടുനീങ്ങി. മുകളിലെത്തിയപ്പോൾ വന്നവഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് നിലമ്പൂരെത്തിയത്.
    ആദ്യ യാത്രയുടെ എസ്പീരിയൻസല്ല കഴിഞ്ഞ ദിവസം കക്കാടംപൊയ്‌ലിനെ കാണാൻ പോയപ്പോൾ. ഇത്തവണ കക്കാടംപൊയിൽ മാത്രമായിരുന്നില്ല ലക്ഷ്യം. താമരശ്ശേരി ചുരം കയറി മുത്തങ്ങ വഴി ഒരു കറക്കം. 23 ാം തീയതി രാത്രി ഏഴിന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വണ്ടി എടുക്കുമ്പോൾ അനുഗ്രഹം ചൊരിഞ്ഞ് മഴ ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർവഴിയാണ് പോയത്. നിലമ്പൂരെത്തിയപ്പോൾ സമയം രാത്രി 12.30. നിലമ്പൂരിലെ മനോരമ ലേഖകൻ ലാലേട്ടൻ എനിക്കുവേണ്ടി ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നതിനാൽ മഴയത്ത് ടെൻഡ് അടിക്കേണ്ടിവന്നില്ല. പിന്നെ സുഖമായ ഉറക്കം.
    രാവിലെ ഏഴിന് യാത്രയ്ക്കിറങ്ങി. പുറത്തിറങ്ങിയപ്പോൾ ഫേസ്ബുക്ക് ഗ്രൂപ്പ് സഞ്ചാരിയുടെ രണ്ട് സുഹൃത്തുക്കളും യാത്രയ്ക്ക് തയ്യാറെടുക്കുന്നു. അവരും വയനാട്ടിലേക്കാണ്, നാടുകാണി ചുരം കയറി. എന്നെ ഒപ്പം ക്ഷണിച്ചെങ്കിലും കക്കാടംപൊയിൽ ഉപേക്ഷിക്കാൻ തയ്യാറാകത്തതിനാൽ ഞങ്ങൾ രണ്ടുകൂട്ടരും രണ്ട് വഴിക്ക് പിരിഞ്ഞു.
    നിലമ്പൂർ ജംഗ്ഷനിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റർ താണ്ടിയാൽ കക്കാടംപൊയ്യിലേക്കുള്ള വഴിയായി. ഇടതു തിരിഞ്ഞ് പരമാവധി കൈകൊടുത്തു. നല്ലവഴി, തേക്കുംകാടിനു നടുവിലൂടെ വളവും തിരിഞ്ഞും കമത്തിയും മലത്തിയുമൊക്കെ ഞാൻ പാഞ്ഞു. അപ്പഴും മഴ ചാറുന്നുണ്ടായിരുന്നു. മൂന്നാറിൽ മലന്നടിച്ചുവീണപ്പോൾ നഷ്ടപ്പെട്ട കോൺഫിഡൻസ് അങ്ങനെ തിരിച്ചുപിടിച്ചു.
    മൂലേപ്പാടം പാലം മുതലാണ് കക്കാടംപൊയ്യിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. റോഡിന് വലതുവശത്ത് കുറുവംപുഴ കുത്തിയൊഴുകുന്നു. കുറുവംപുഴയിലാണ് കക്കാടംപൊയ്യിലിനെ പ്രശസ്തമാക്കിയ കോഴിപ്പാറ വെള്ളച്ചാട്ടം. മൂലേപ്പാടം മുതൽ കോഴിപ്പാറ വരെ ചെറുതും വലുതുമായ 12 വെള്ളച്ചാട്ടങ്ങളുണ്ട്. ഇതൊന്നും ഞാൻ കാണാൻ നിന്നില്ല. കാഴ്ച്ചകാണാൻ വണ്ടി നിർത്തിയാൽ റൈഡിന്റെ സുഖം നഷ്ടപ്പെടുമെന്നാണ് എന്റെ സിദ്ധാന്തം.
    എസ് വളവ് തിരഞ്ഞതോടെ കോടമഞ്ഞ് കക്കാടംപൊയിലിനെ പുതഞ്ഞു. ശിരോവസ്ത്രമണിച്ച യുവതിയെപ്പോലെയായിരു അവൾ. സിരകളിലൂടെ തടസമില്ലാതെ ഞാൻ ഒഴുകി നീങ്ങി. ടാറിട്ട് നന്നാക്കിയ വഴിയിലെ ചെങ്കിത്തായ കയറ്റം എന്നെ കൂടുതൽ ആവേശഭരിതനാക്കി. അടുക്കും തോറും മറനീക്കി അവളുടെ സൗന്ദര്യം തെളിഞ്ഞുവരുന്നത് ഞാൻ കണ്ടു. ഒടുവിലാസൗന്ദര്യത്തിന്റെ നെറുകയിൽ കുറേ നേരം അവളെയങ്ങനെ നോക്കി നിന്നു. കോടമഞ്ഞ് പുതഞ്ഞ് അതീവ സുന്ദരിയായിരുന്നു കക്കാടംപൊയ്യിൽ.
    മൺസൂൺ റൈഡിന് തിരഞ്ഞെടുക്കാൻ പറ്റിയ ബസ്റ്റ് ബൈക്ക് റൂട്ടുകളിലൊന്നാണ് കക്കാടംപൊയ്യിൽ. കാട്ടുവഴി, കുത്തനയുള്ള കയറ്റം, ചെറിയ ഹെയർപിൻ വളവുകൾ, വാഹന ശല്യമില്ല, ഇടയ്ക്ക് വല്ലോ ബൈക്ക് യാത്രക്കാരെ കണ്ടാലായി. കക്കാടംപൊയ്യിൽ നിന്ന് തിരിച്ചോ അല്ലെങ്കിൽ കോഴിക്കോട്ടേക്കോ പോകാം.


Language: Malayalam
Contributed & Article By
Mr. Anil Thomas


About Author

Post a Comment

 
Top