Readers Mirror Readers Mirror Author
Title: ഇവര്‍ക്ക് യാത്ര ആവേശം മാത്രമല്ല സേവനംകൂടിയാണ്
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: ചങ്കിടിപ്പിക്കുന്ന ശബ്ദവുമായി സാഹസീകതയുടെ പുതുവഴികള്‍ തേടിയുള്ള ഇവരുടെ യാത്രകള്‍ പുതിയ കാഴ്ച്ചകള്‍ക്കുവേണ്ടിയുള്ള അടങ്ങാ...



കൊച്ചി: ചങ്കിടിപ്പിക്കുന്ന ശബ്ദവുമായി സാഹസീകതയുടെ പുതുവഴികള്‍ തേടിയുള്ള ഇവരുടെ യാത്രകള്‍ പുതിയ കാഴ്ച്ചകള്‍ക്കുവേണ്ടിയുള്ള അടങ്ങാത്ത ആവേശം മാത്രമല്ല. ആരും കാണാത്ത ചില കാഴ്ച്ചകള്‍ക്കുള്ള അന്വേഷണം കൂടിയാണ്. യാത്രകള്‍ക്കൊപ്പം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും മനസുമാണ് ഇവരുടെ അന്വഷണങ്ങളെ ആത്മീയമാക്കുന്നത്. ആ അന്വേഷണങ്ങള്‍ എത്തിനിന്നത് ആദിവാസി ഊരുകളിലും വൃദ്ധ സദനങ്ങളിലും ചൈല്‍ഡ് ഹോമുകളിലും. 
യുവത്വത്തിന്റെ വേഗത നന്‍മക്കായി വിനിയോഗിക്കുകയെണു ലക്ഷ്യമായിരുന്നു കൊച്ചിയിലെ പ്രമുഖ ബുള്ളറ്റ് ക്ലബുകളിലൊന്നായ ബുള്ളറ്റ്ബുദ്ധാസിനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും ആലംബഹീനര്‍ക്കായി പോരാടാനുള്ള പ്രചോദനങ്ങളിലേക്കും നയിച്ചത്. സാമൂഹിക തിന്മകള്‍ക്കെതിരെ ഈ ബുള്ളറ്റിയേഴ്‌സ് മുഖം നേക്കാതെ തെരുവിലിറങ്ങുന്നു, പോരാടുന്നു... ബുള്ളറ്റിന്റെ കാതുമുഴങ്ങുന്ന ശബ്ദത്തോളം ഗാംഭീര്യമുണ്ട് അവരുടെ വാക്കുകള്‍ക്കും. 
2007 ല്‍  റോയല്‍ കൊച്ചിന്‍ ബുള്‍സ് എന്നപേരില്‍ തുടങ്ങിയ ബുള്ളറ്റ് ബുദ്ധാസിന്റെ എട്ടു വര്‍ഷത്തെ യാത്രകള്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. 2010 മുതലാണു ബുള്ളറ്റ് ബുദ്ധാസ് എന്ന പേരില്‍ ക്ലബ് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റിനു വെടിയുണ്ടയെന്നര്‍ഥമുണ്ടെങ്കില്‍ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ ബുദ്ധന്റെ നാമമാണ് പേരിനോട് ചേര്‍ത്തത്. അത് യാഥര്‍ശ്ചിമമായി സംഭവിച്ചതല്ലെന്ന് പിന്നീടുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു.
വര്‍ഷത്തില്‍ മൂന്നു ചാരിറ്റിയെങ്കിലും ചെയ്യണമെന്ന നിഷ്കര്‍ഷയോടെയാണ് ക്ലബിന്റെ പ്രവര്‍ത്തനം. ഇവരുടെ യാത്രകള്‍ അധികവും അതിനുവേണ്ടിയുള്ളതുമായിരുന്നു. ആലുവ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കു വീല്‍ചെയര്‍ നല്‍കിയതും ക്യാന്‍സര്‍ രോഗികളായ കുട്ടികളെ പാര്‍പ്പിച്ച് ചികിത്സിക്കുന്ന ബട്ടര്‍ഫ്‌ളൈയിലെ പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം നല്‍കിയതും അട്ടപ്പാടിയിലെ ആദിവാസ ഊരുകളില്‍ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തതുമൊക്കെ എണ്ണപ്പെട്ട ഉദാഹരണങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം എസ്ആര്‍എം റോഡിലെ ചൈല്‍ഡ് ഹോമില്‍ ചെലവഴിക്കാനാണ് ക്ലബിന്റെ തീരുമാനം. രാവിലെ ഇവിടെ എത്തി അന്തേവാസികളായ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം ഇവര്‍ ചെലവഴിക്കും. 
ഡെല്‍ഹിയിലെ പീഡന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സേവ് വുമണ്‍ സേവ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി ബുള്ളറ്റ് ബുദ്ധാസിന്റെ ബുള്ളറ്റിയേഴ്‌സ് രാജ്യമൊട്ടാകെ സഞ്ചരിച്ചു. ആദ്യ വര്‍ഷം 14 സംസ്ഥാനങ്ങളിലും രണ്ടാം വര്‍ഷം ഒന്‍പത് സംസ്ഥാനങ്ങളിലുമാണ് ക്യാമ്പനുമായി ഇവരുടെ ബുള്ളറ്റുകള്‍ എത്തിയത്. മുദ്രാവാക്യം ആലേഖനം ചെയ്ത ബാനറുകള്‍ ബൈക്കില്‍ കെട്ടി ഹോള്‍ഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു കാമ്പയിന്‍. ഈ സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണമാണ് ക്യാമ്പയിനു ലഭിച്ചതെന്ന് ക്ലബിന്റെ ട്രഷറര്‍ പീറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 15 സംസ്ഥാനങ്ങളില്‍ ക്യാമ്പയിന്‍ നടത്തി. അതോടൊപ്പം ലഹരിക്കെതിരെയും വര്‍ഷം തോറും ക്യാമ്പയ്‌നുകള്‍ നടത്തി വരുന്നുണ്ട്. കൊച്ചി മിനി മാരത്തോണിന്റെ സംഘടകരില്‍ ഒരാളായിരുന്നു ക്ലബ്. 
വെറും നാലുപേരുമായി തുടങ്ങിയ ക്ലബില്‍ ഇപ്പോള്‍ 36 അംഗങ്ങള്‍ ഉണ്ട്. പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും ക്ലബില്‍ പങ്ക് ചേരാം. പക്ഷെ ക്ലബ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നു മാത്രം. വര്‍ഷത്തില്‍ ആറു വണ്‍ഡേ റൈഡും അഞ്ച് ഡേ നൈറ്റ് റൈഡും ക്ലബ് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കുറഞ്ഞത് മൂന്ന് വണ്‍ഡേ റൈഡിലും ഡേ നൈറ്റ് റൈഡിലും പങ്കെടുക്കുന്നവര്‍ക്ക് ക്ലബില്‍ അംഗമാകാം. പക്ഷെ റൈഡിംഗിനു പോകണമെങ്കില്‍ ചില സുരക്ഷാ നിബന്ധനകള്‍കൂടി പാലിക്കണം. ഫുള്‍ കവറിംഗുള്ള ഹെല്‍മറ്റ് മാത്രമെ റൈഡിംഗിനു ഉപയോഗിക്കാന്‍ പാടുള്ളു. റൈഡിംഗ് ജാക്കറ്റ് വേണം. ബൂട്ട് നിര്‍ബന്ധമാണ്. നീല്‍ പാഡും ഗ്ലൗസും ഉണ്ടായിരിക്കണം. ക്ലബിലെ ആദ്യകാല അംഗങ്ങളാണെങ്കില്‍ പോലും ഈ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ റൈഡിനു കൊണ്ടുപോകുകയില്ല.
വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ തലത്തിലുള്ള ക്ലബുകള്‍ നടത്തുന്ന ഇവന്റുകളില്‍ ബുള്ളറ്റ്ബുദ്ധാസിന്റെ സാന്നിധ്യം സജീവമാണ്. റോയല്‍എന്‍ഫീല്‍ഡ് വര്‍ഷം തോറും ഗോവയില്‍ നടത്തുന്ന റൈഡര്‍ മാനിയയില്‍ മഡ് റെയ്‌സിംഗില്‍ ബുള്ളറ്റ് ബുദ്ധാസിലെ ചുണക്കുട്ടന്‍മാരാണ് താരങ്ങള്‍. അതോടൊപ്പം ഇന്ത്യയിലെ ബുള്ളറ്റ് ക്ലബുകളുടെ കണ്‍സോഷ്യമായ ബ്രദര്‍ഹുഡ് ഓഫ് ബുള്ളറ്റേഴ്‌സ് മോട്ടോര്‍ സൈക്ലിംഗ് കണ്‍സോഷ്യം (ബിഒബിഎംസി) സംഘടിപ്പിക്കുന്ന ഇവന്റുകളിലും റൈഡര്‍ മാനിയകളിലും ബുള്ളറ്റ് ബുദ്ധാസ് സജീവ പങ്കാളികളാണ്.  
ഗുല്‍സണ്‍ ജോണ്‍ ആണ് ബുള്ളറ്റ് ബുദ്ധാസിന്റെ നിലവിലെ പ്രസിഡന്റ്. സെക്രട്ടറി റിക്കി. 55 വയസുള്ള നെല്‍സണ്‍ ആണ് ക്ലബിലെ ഏറ്റവും പ്രായം കൂടിയ ആള്‍. രണ്ട് വിദ്യാര്‍ഥികളും ക്ലബിലുണ്ട്. 16 പേര്‍ക്കൂടി പുതിയ അംഗങ്ങളായി ചേരാന്‍ ക്ലബിനോടൊപ്പമുണ്ട്. 


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top