Readers Mirror Readers Mirror Author
Title: മിമിക്രി സ്വപ്‌നമാക്കിയ കച്ചവടക്കാരന്‍
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: തിരക്കേറിയ മാര്‍ക്കറ്റിലെ ജനനിബിഡമായ വീഥികള്‍, പുലര്‍ച്ചേമുതല്‍ സജീവമാകുന്ന വഴിയോര കച്ചവടക്കാരുടെ അലമുറികള്‍,  വന്നുപോകുന്ന ആള...

കൊച്ചി: തിരക്കേറിയ മാര്‍ക്കറ്റിലെ ജനനിബിഡമായ വീഥികള്‍, പുലര്‍ച്ചേമുതല്‍ സജീവമാകുന്ന വഴിയോര കച്ചവടക്കാരുടെ അലമുറികള്‍,  വന്നുപോകുന്ന ആളുകള്‍, കച്ചവടക്കാര്‍, പതിവ് കാഴ്ച്ചകള്‍, യാഥര്‍ശ്ചിക സംഭവങ്ങള്‍ അങ്ങനെ കാണുന്ന നിത്യസഭവങ്ങളെ പ്രേക്ഷകര്‍ക്കുമുന്നില്‍ ചിരിയുടെ അരങ്ങാക്കി മാറ്റുകയാണ് കൂനമ്മാവ് സ്വദേശിയായ വിനോദ് കൊങ്ങോര്‍പ്പിള്ളി. ആവര്‍ത്തന വിരസമായ കോമഡി രംഗങ്ങളും പതിവ് അനുകരണങ്ങളും ഒഴിവാക്കി പച്ചയായ ജീവിത സംഭവങ്ങളാകണം അരങ്ങളില്‍ ചിരിയാക്ക് ആദാരമാകേണ്ടതെന്ന നിഷ്കര്‍ഷയാണ് 42 കാരനായ വിനോദിനെ മിമിക്രി രംഗത്ത് ഇന്നും വ്യത്യസ്ഥനാക്കുന്നത്. എറണാകുളം മാര്‍ക്കറ്റിലെ തിരക്കൊഴിയാത്ത ജീവിതത്തിനിടയില്‍പ്പോലും കലയ്ക്കും എഴുത്തിനുമായി സമയം കണ്ടെത്തുന്നതും മിമിക്രിയോടുള്ള അടങ്ങാത്ത ആവേശം ഒന്നു മാത്രമാണ്. 
സ്കൂള്‍ തലം മുതലേ മിമിക്രി രംഗത്ത് സജീവമമായിരുന്നു വിനോദ്. സ്കൂള്‍ വേദികളിലും നാട്ടിന്‍പുറത്തെ ആഘോഷ പരിപാടികളിലുമെല്ലാം വിനോദിന്റെ മിമിക്രി കൈയ്യടി നേടിയിരുന്നു. വളര്‍ന്നപ്പോള്‍ ജീവിത പ്രാരാബ്ദങ്ങള്‍ അദ്ദേഹത്തെ എറണാകുളം മാര്‍ക്കറ്റിലെ കായ കച്ചവടത്തിലേക്ക് എത്തിച്ചു. എങ്കിലും കല കൈവിട്ടുകളായാന്‍ വിനോദ് തയ്യാറായിരുന്നില്ല. ജോലിക്കിടെ സമയം കണ്ടെത്തി മിമിക്രി പരിശീലനത്തിനും സ്റ്റേജ് ഷോ അവതരണത്തിനും പോകുമായിരുന്നു. ഈ തിരക്കിനിടെ സിനിമാലയില്‍ 25 എപ്പിസോഡുകളാണു വിനോദ് അഭിനയിച്ചത്. മാത്രമല്ല രണ്ട് എപ്പിസോഡുകള്‍ക്കു സ്ക്രിപ്റ്റും എഴുതി. പച്ചയായ ജീവിതത്തെ ഹാസ്യവത്കരിച്ച് തയ്യാറാക്കിയ ഈ സ്ക്രിപ്റ്റുകള്‍ സിനിമാലയുടെ എക്കാലത്തേയും മികച്ച രണ്ട് എപ്പിസോഡുകളായി മാറി. 
വിനോദിനെ ഏറെ ശ്രദ്ധേയനാക്കിയ പ്രോഗ്രാമായിരുന്നു ഹരിശ്രീ യൂസഫുമായി ഒരുമിച്ചു ചെയ്ത കോമഡി ക്യാപ്‌സ്യൂള്‍ എന്ന ഹാസ്യ പരിപാടി. ഗായകനും മിമിക്രി കലാകാരനുമായ കൊച്ചിന്‍ മന്‍സൂറുമായി ചേര്‍ന്നു 150 ഓളം സ്‌റ്റേജുകളില്‍ മിമിക്രി ചെയ്തിട്ടുണ്ട്. നടന്‍ ജഗദീഷിനെ അനുകരിക്കലാണു വിനോദിന്റെ മാസ്റ്റര്‍ പീസ്. ജഗദീഷിനെ ഇത്ര ഭംഗിയായി അനുകരിക്കാന്‍ കഴിയുന്ന മറ്റൊരു കലാകാരനുണ്ടാകില്ലെന്ന് പ്രോഗ്രാം കണ്ടുമടങ്ങുന്ന പ്രേക്ഷകര്‍ തന്നോട് പറഞ്ഞിട്ടുള്ളത് വിനോദ് നിറഞ്ഞ ചിരിയോടെ ഓര്‍ക്കുന്നു. ടി.എസ്. രാജുവുവിനു പുറമെ പ്രേംകുമാര്‍, എന്‍.എഫ്. വര്‍ഗീസ്, ഗോപിനാഥന്‍ മുതുകാട്, എ.കെ. ആന്റണി എന്നിവരുടെ ശബ്ദങ്ങളും വേദിയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്. നടന്‍ ജയസൂര്യ സിനിമയില്‍ വരുന്നതിനു മുന്‍പ് അദ്ദേഹവുമൊത്ത് ചില കോമഡി പരിപാടിപടികളിലും വിനോദ് പങ്കാളിയായി. ഹാര്‍മണി 2002 അത്തരമൊരു പ്രോഗ്രാമായിരുന്നെന്ന് വിനോദ് പറയുന്നു. 
നാല് സിനിമകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. മിമിക്‌സ് സൂപ്പര്‍ 1000 ആണ് ആദ്യ സിനിമ. പിന്നീട് സായാമിസ് ഇരട്ടകള്‍, മംഗല്യസൂത്രം, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചു. തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം എന്ന സിനിമയിലെ കഥാപാത്രമാണ് വിനോദിന്റെ ഏറ്റവും ശ്രദ്ധേമാക്കിയത്. സിനിമയില്‍ വഴിത്തിരിവുണ്ടാക്കുന്നത് വിനോദ് അഭിനയിച്ച ഈ കഥാപാത്രമാണ്. ഇപ്പോഴും പല സിനിമകള്‍ക്കുവേണ്ടിയും തന്നെ വിളിക്കാറുണ്ടെങ്കിലും പോകാന്‍ സാധിക്കാറില്ലെന്ന് വിനോദ് പറയുന്നു. മാര്‍ക്കറ്റിലെ ജോലി കളഞ്ഞ് പോകാന്‍ കഴിയാത്തതിനാല്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായത്. 
തരികിട പോലെ ഒരു പ്രാദേശിക ചാനലില്‍ അഗസ്റ്റിന്‍ മൂലമ്പള്ളിയുമായി ചേര്‍ന്ന് അവതരിപ്പിച്ച ഉഡായിപ്പ് എന്ന പരിപാടി വിനോദിനെ നാട്ടില്‍ ഏറെ പ്രശസ്തനാക്കി. ഒരു ടിവി കലാകാരന്‍ എന്ന നിലയില്‍ വിനോദ് അറിയപ്പെട്ടത് ഈ പരിപാടിയിലൂടെയാണ്. നാട്ടില്‍ എവിടെ ചെന്നാലും അളുകള്‍ തന്നെ തിരിച്ചറിയുകയും പരിപാടികളെ കുറിച്ച് ചോദിച്ചറിയുകയുമൊക്കെ ചെയ്യുമായിരുന്നെന്ന് വിനോദ് പറയുന്നു. പരിപാടി നടത്തുന്നതിനിടെ ധാരാളം തല്ലും കിട്ടിയിട്ടുണ്ട്. പ്രോഗ്രാം ആണെന്നും പറഞ്ഞാലും ആളുകള്‍ വിടില്ല. പിന്നെ ക്യാമറയും ക്രൂവും മൊക്കെ കാണിച്ചാണ് ഇവരെ വിശ്വാസിപ്പിക്കുന്നത്. പിന്നെ എല്ലാവരുമായി സൗഹൃദത്തിലാകും. ഈ പരിപാടിയിലൂടെ ഒട്ടേറെ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്നും വിനോദ് പറയുന്നു. 
കോങ്ങൂര്‍പള്ളി സെന്റ് ആന്റണീസ് ഇടവാംഗമായ വിനോദ് പള്ളിയിലെ സജീവ സാന്നിധ്യമാണ്. പെരുനാള്‍ ദിനങ്ങളിലും മറ്റു ആഘോഷ പരിപാടികളിലും വിനോദിന്റെ മിമിക്രിയാണ് പള്ളിയിലെ സ്ഥിരം കലാപരിപാടി. വിനോദ് സ്വന്തമായി സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത എട്ടിന്റെ പണി, കുടുംബം എന്ന കടമ്പ എന്നീ കോമഡി പരിപാടികള്‍ വന്‍ വിജയമായിരുന്നു. നാട്ടിലും പുറത്തുമായി ഒട്ടേറെ വേദികളില്‍ ഈ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടുന്ന വിനോദിനു സിനിമാ മിമിക്രി മേഖലയില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. അഗസ്റ്റിന്‍ മൂലമ്പിള്ളി, ധര്‍മജന്‍ ബോള്‍ഗാട്ടി, രഘു കളമശേരി, ഹരിശ്രീ യൂസഫ്, സാജു കൊടിയന്‍, വിനോദ് കടാമംഗലം എന്നിവര്‍ ഇപ്പോഴും വിനോദിന്റെ അടുത്ത സുഹൃത്തുക്കളാണ്. 
25 വര്‍ഷമായി മിമിക്രി രംഗത്തുണ്ടെങ്കിലും അടുത്ത ഇടയായി സ്റ്റേജ് ഷോകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സ്ക്രിപ്പ്റ്റ് എഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ ജോലിയും കലയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുമെന്ന് വിനോദ് പറയുന്നു. മിമിക്രി സ്വപനമാണെങ്കില്‍ കച്ചവടം ജീവിതമാര്‍ഗമാണെന്ന് വിനോദിന്റെ പക്ഷം. മാര്‍ക്കറ്റിലെ അനുഭവങ്ങള്‍ നല്ല സ്ക്രിപ്റ്റുകള്‍ എഴുതാന്‍ തനിക്ക് പ്രചോദമായെന്നും വിനോദ് പറയുന്നു. ഭാര്യ സുനിത. മക്കള്‍ സോളമന്‍(ഏഴ്), സോന (അഞ്ച്).

Language: Malayalam
Contributed & Article By
Mr. Anil Thomas


About Author

Post a Comment

 
Top