Readers Mirror Readers Mirror Author
Title: കൂത്തിന്റെ ദിവ്യപ്രഭയ്ക്കു മുന്നില്‍ കൂടിയാട്ട കുടുംബത്തിലെ ഇളംമുറക്കാരന്‍
Author: Readers Mirror
Rating 5 of 5 Des:
          തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ പാരമ്പര്യത്തിന്റെ  ഇളംമുറക്കാര ണ് ശ്രീഹരി. കുടുംബം ഉപാസിക്കുന്ന കലാരൂപം ശ്രീഹരിക്ക് ഇന്ന് ...



         
തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ പാരമ്പര്യത്തിന്റെ ഇളംമുറക്കാരണ് ശ്രീഹരി. കുടുംബം ഉപാസിക്കുന്ന കലാരൂപം ശ്രീഹരിക്ക് ഇന്ന് ഹരിശ്രീ കുറിക്കലല്ല. അതിലും എത്രയോ വളര്‍ന്നു കഴിഞ്ഞു ഈ കൊച്ചു കലാകാരന്‍. എട്ടുവയസില്‍ കൂത്തില്‍ ചുവടുവെച്ച ശ്രീഹരിക്ക് പിന്നെയും മൂന്ന് വര്‍ഷമെ വേണ്ടിയിരുന്നുള്ളു കൂടിയാട്ടത്തില്‍ അരങ്ങേറ്റം കുറിക്കാന്‍. അച്ഛന്‍ പ്രശസ്ത കൂടിയാട്ട കലാകാരന്‍ മാര്‍ഗി മധു ചാക്യാരുടെ ശിക്ഷണത്തില്‍ അഭിനയത്തോടൊപ്പം വാക്കിന്റെ ശൈലിയും പദസ്വാധീനവും ഈ കൊച്ചു കലാകാരന്‍ സ്വായത്ഥകമാക്കി. 

കൂത്തിന്റെ ദിവ്യപ്രഭയ്ക്കു മുന്നിലെത്തുമ്പോള്‍ പിതൃക്കളില്‍ നിന്ന് പകര്‍ന്നുകിട്ടിയ കല തന്റെ കൈകളില്‍ എന്നും ഭദ്രമായിരിക്കുമെന്ന മ്യൂോബലം ഈ ഇളം തലമുറക്കാരന്റെ മുഖത്ത് തെളിഞ്ഞുകാണുന്നു. 
         കൂടിയാട്ട വേഷം ശ്രീഹരിക്ക് യാഥര്‍ച്ഛികമായി ലഭിച്ചതല്ല. പാരമ്പര്യമായി കൈമാറിക്കിട്ടിയത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാരുടെ കൊച്ചുമകന്‍ ഇങ്ങനെ ആയില്ലങ്കിലല്ലെ അത്ഭുതമുള്ളു. മുത്തച്ചനു ദക്ഷിണ നല്‍കി ആരംഭിച്ചു തുടങ്ങിയ കൂടിയാട്ട പഠനം അച്ഛന്‍ മധു ചാക്യാരിലൂടെയും അമ്മ ഇന്ദുവിലൂടെയും തുടരുകയായിരുന്നു. കലയ്‌ക്കൊപ്പം വളര്‍ന്ന ശ്രീഹരിക്ക് കുട്ടിക്കാലം മുതല്‍ കൂത്ത് കേള്‍ക്കാനും ആടിക്കൊണ്ട് അനുകരിക്കാനും കാട്ടിയ താത്പര്യമാണ് കൂടിയാട്ട കലാകാരനാക്കി മാറ്റിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ ശ്രീഹരിയുടെ പ്രഥമ വിനോദം വേഷം കെട്ടലായിരുന്നു. കണ്ടും കേട്ടും അനുകരിച്ചും പഠിച്ച പാഠങ്ങള്‍ അച്ഛന്‍ അടുക്കും ചിട്ടയും വരുത്തിക്കൊടുത്തു. അച്ഛന്‍ നടത്തുന്ന മൂഴിക്കുളത്തെ കൂടിയാട്ട കളരിയായ നേപഥ്യയിലെ ഏറ്റവും ഇളയ വിദ്യാര്‍ഥിയാണ് ശ്രീഹരി. 
          പാറക്കടവ് രാമപുരം ക്ഷേത്രത്തില്‍ പാരമ്പര്യമായ രീതിയില്‍ അനുഷ്ടിക്കേണ്ട ചിട്ടവട്ടങ്ങളെല്ലാം അനുഷ്ടിച്ചായിരുന്നു ശ്രീഹരിയുടെ അരങ്ങേറ്റം. രണ്ടു ദിവസം കൊണ്ടാണ് അരങ്ങേറ്റം പൂര്‍ത്തിയാക്കിയത്. ഭാസന്റെ ബാലചരിതത്തിലെ സൂത്രധാരവേഷത്തിലായിരുന്നു അരങ്ങേറ്റം. ആദ്യ ദിവസം രണ്ടരമണിക്കൂറിലധികം നീണ്ട അരങ്ങേറ്റം രണ്ടാം ദിവസം സൂത്രധാരന്റെ നിര്‍വഹണം അവതരിപ്പിച്ചുകൊണ്ടാണ് അവസാനിച്ചത്. ആദ്യ ദിവസം സൂത്രധാരന്റെ 'ശംഖക്ഷീരവപു:' എന്ന പ്രസിദ്ധമായ ശ്ലാകത്തിന്റെ അഭിനയവും നിത്യക്രിയ എന്നറിയപ്പെടുന്ന അനുഷ്ടാനങ്ങളും, രണ്ടാം ദിവസം കൂടിയാട്ടത്തിന്റെ കാതലെന്നു പറയാവുന്ന പൂര്‍വകഥാ അവതരണവുമാണു ശ്രീഹരി അരങ്ങില്‍ പൂര്‍ത്തിയാക്കിയത്. വൈകുണ്ഠത്തിലെ ദ്വാരപാലകരായ ജയവിജയന്‍മാര്‍ക്ക് ശാപം കിട്ടുന്നതു മുതല്‍ ഹിരണ്യകശിപു ബ്രഹ്മാവില്‍ നിന്നു വരം സമ്പാദിക്കുന്നതുവരെയുള്ള കഥാഭാഗമാണ് അവതരിപ്പിച്ചത്. നേപത്ഥ്യ ജിനേഷ് ചാക്യാര്‍ മിഴാവിലും ഇന്ദു കുഴിത്താളത്തിലും ശ്രീഹരിയുടെ അഭിനയത്തിനു താളം നല്‍കി. അരങ്ങേറ്റത്തോടെ കൊച്ചുകുട്ടന്‍ ചാക്യാരുടെ കുടുംബത്തിലെ ആറാമത്തെ കൂടിയാട്ട കലാകാരനായി മാറിയിരിക്കുകയാണ് ശ്രീഹരി എന്ന ശ്രീഹരി ചാക്യാര്‍. 

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top