Readers Mirror Readers Mirror Author
Title: മൂകത മാറി; 'മാധവ'ത്തില്‍ ആഹ്ലാദമഴ
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: രാജഗനഗരിയിലെ ഈ മനോഹരവീട്‌ എന്നും സംഗീതത്തിന്റേയും ക്രിക്കറ്റിന്റേയും ആഹ്‌ളാദാരവങ്ങള്‍ക്കാണു കാതോര്‍ത്തിരുന്നത്‌. ഇന്ത്യന്‍ ക...


കൊച്ചി: രാജഗനഗരിയിലെ ഈ മനോഹരവീട്‌ എന്നും സംഗീതത്തിന്റേയും ക്രിക്കറ്റിന്റേയും ആഹ്‌ളാദാരവങ്ങള്‍ക്കാണു കാതോര്‍ത്തിരുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റിലേക്കുളള കേരളത്തിന്റെ എക്കാലത്തെയും വലിയ സംഭാവനയായ എസ്‌.ശ്രീശാന്തെന്ന ബോളറെ മാധ്യമങ്ങളും ആരാധകരും പലപ്പോഴും സന്ദര്‍ശിച്ചിരുന്നത്‌, ഗായകനും ശ്രീയുടെ സഹോദരി ഭര്‍ത്താവുമായ മധുബാലകൃഷ്‌ണന്റെ മാധവം എന്ന ഈ വിട്ടില്‍വച്ചാണ്‌. കഴിഞ്ഞ 27 ദിവസമായി കനത്ത വിഷാദം തളം കെട്ടിയിരുന്ന ' മാധവത്തില്‍' ഇന്നലെ രാവിലെ മുതല്‍ വീണ്ടും സന്തോഷം അലയടിച്ചു.
ഐപിഎല്‍ ക്രിക്കറ്റ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ശ്രീശാന്ത്‌ തിരിച്ചു വീട്ടിലെത്തുന്ന വിവരം അറിഞ്ഞു ദേശീയ മാധ്യമങ്ങളടക്കം മാധമങ്ങളുടെ വന്‍ നിരയായിരുന്നു മാധവത്തില്‍ കാത്തിരുന്നത്‌. ഏറെ ദിവസങ്ങള്‍ക്കു ശേഷം മകനെ കാണാനാകുമെന്ന സന്തോഷത്തില്‍ അമ്മ സാവിത്രി ദേവി ഉത്‌കണ്‌ഠ നിറഞ്ഞ കണ്ണുകളുമായി വീടിനുള്ളില്‍ നിമിഷങ്ങളെന്നി കാത്തിരിക്കുന്നുണ്ടായിരുന്നു. 10.25 ഓടെ മാധവത്തിന്റെ ഗയിറ്റു കടന്നെത്തിയ ബിഎംഡബ്‌ളിയു കാറിന്റെ പിന്‍സീറ്റില്‍ നിന്നും വെളുത്ത ടീഷര്‍ട്ടും ബ്ലൂഷെയ്‌ഡ്‌ ജീന്‍സുമിട്ട്‌ പുറത്തിറങ്ങിയ ശ്രീയെ ക്യാമറയില്‍ പകര്‍ത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ തിക്കിത്തിരക്കായിരുന്നു പിന്നീട്‌. കഴിഞ്ഞ 27 ദിവസം ഏല്‍ക്കേണ്ടിവന്ന അപമാനങ്ങളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും പീഢകളുടെയുമൊക്കെ ശേഷിപ്പുകള്‍ അപ്പോഴും ശ്രീയുടെ മുഖത്ത്‌ അവശേഷിക്കുന്നുണ്ടായിരുന്നു. 
വീട്ടിലേക്കു കയറിയ ശ്രീയെ അമ്മ ആലിംഗ}ം ചെയ്‌തു തിലകം ചാര്‍ത്തി. മകനെ പലതചവണ ചുംബിക്കുമ്പോഴും സാവിത്രിദേവിയുടെ ഉള്ളില്‍ ഏറെ ദിവസങ്ങളായി ഏരിഞ്ഞിരുന്ന കനല്‍ അടങ്ങിയിരുന്നില്ല. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ നോക്കാതെ എല്ലാ ദേവാലയങ്ങളിലും കണ്ണീരുമായി കയറിയിറങ്ങിയതിന്റെ അനുഗ്രഹം തേടിയെത്തിയപ്പോള്‍ അതു കൈവിട്ടുപോകുമോയെന്ന പേടിയിലാണ്‌ ബന്ധുക്കളിപ്പോഴും. 
15 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം നേടി തിരിച്ചെത്തിയ ശ്രീശാന്തിനെതിരേ ഡല്‍ഹി പോലീസ്‌ വീണ്ടും കോടതിയെ സമീപിക്കുമെന്ന വാര്‍ത്തയാണു ബന്ധുക്കളുടെ സന്തോഷത്തിനു കല്ലുകടിയായത്‌. മുംബൈ പോലീസ്‌ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കേട്ടുകേള്‍വികളും അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. ഐപിഎല്‍ മത്സരത്തിനിടെ മുബൈയില്‍ നിന്ന്‌ ഡല്‍ഹി പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കണമെന്ന നിയമോപദേശത്തെ കുറിച്ച്‌ അഭിഭാഷകരുമായി ഫോണില്‍ വിശദചര്‍ച്ചകള്‍. 'ഇപ്പോള്‍ എന്നോടൊന്നും ചോദിക്കരുത്‌. കേസിന്റെ എല്ലാ നൂലാമാലകളും തീരാതെ സമാധാനമില്ല' അച്ഛന്‍ ശാന്തകുമാരന്‍ നായരുടെ വാക്കുകളില്‍ മാധവത്തിലെ അംഗങ്ങളുടെ എല്ലാ സഹനങ്ങളും നിറഞ്ഞു നിന്നിരുന്നു. 
പ്രശസ്‌തിയുടെ നെറുകയിലേക്ക്‌ തങ്ങളേയും കൈപിടിച്ചുയര്‍ത്തിയ മകനെ ഒരിക്കല്‍ കൂടി പിച്ചവയ്‌ക്കാന്‍ പഠിപ്പിക്കുന്നതിന്റെ ശ്രമത്തിലായിരുന്നു അമ്മ സാവിത്രിദേവി. മാധ്യമ പ്രവര്‍ത്തകരുടെ അതിരുവിട്ട ചോദ്യങ്ങളോട്‌ ശ്രീശാന്ത്‌ പ്രതികരിക്കാതിരിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. 'മക്കളെ അവനോടങ്ങിനെയൊന്നും ചോദിക്കല്ലേ' എന്ന്‌ ഡല്‍ഹി പോലീസിന്റേയും ജയിലിലേയും അനുഭവങ്ങള്‍ വിവരിക്കാന്‍ ശ്രീയോട്‌ ആവശ്യപ്പെട്ടവരോട്‌ അവര്‍ കേണപേക്ഷിച്ചു. 27 ദിനത്തിന്റെ പാഠങ്ങളൊന്നും ശ്രീയുടെ മനസില്‍ വേണ്ടത്ര പതിഞ്ഞിട്ടില്ലെന്ന്‌ മാതൃഹൃദയം തിരിച്ചറിഞ്ഞിരുന്നു. കാമറകള്‍ക്കു മുന്നില്‍ മകനെ നടുക്കിരുത്തി മുത്തം നല്‍കുമ്പോള്‍ തിരിച്ചു കിട്ടിയ കുഞ്ഞാടായി അവര്‍ക്കു ശ്രീ. ആള്‍ക്കൂട്ടം തെല്ലൊന്ന്‌ ഒതുങ്ങിയപ്പോള്‍ ബന്ധുക്കളോടൊപ്പം ശ്രീശാന്ത്‌ ഭക്ഷണത്തിനിരുന്നു. മകന്‌ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വച്ചൊരുക്കിയ സാവിത്രിദേവി ശ്രീശാന്തിനെ അടുത്തിരുത്തി ഊട്ടി. പിന്നെ ഉറക്കം വരാത്ത രാത്രികളില്‍ തീഹാര്‍ ജയിലിന്റെ ഇരുളില്‍ കണ്ട പേടി സ്വപ്‌നങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ മകനെ മയങ്ങാന്‍ വിട്ടു. കാത്തിരിപ്പിന്റെ ശുഭപരിണാമവും കണ്ടുമുട്ടലിന്റെ സന്തോഷവും ഇന്നലെ എല്ലാമുഖങ്ങളിലും നിറഞ്ഞു നിന്നിരുന്നെങ്കിലും ഉത്‌കണ്‌ഠയുടെ കാര്‍മേഘങ്ങള്‍ മാധവത്തില്‍ നിന്ന്‌ അപ്പോഴും ഒഴിഞ്ഞു പോയിരുന്നില്ല.  

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top