Readers Mirror Readers Mirror Author
Title: അരുണയുടെ ചിലങ്കയില്‍ ആത്മവിശ്വാസത്തിന്റെ നടനതാളം
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: ഏഴു വയസുകാരി അരുണയുടെ കര ചരണങ്ങളില്‍ നടന താളം മുറുകവെ രക്താര്‍ബുദത്തിന്റെ കരാള കാലം പിന്നിലുണ്ടെന്നു കണ്ടു നിന്നവരൊന്നും അറ...


കൊച്ചി: ഏഴു വയസുകാരി അരുണയുടെ കര ചരണങ്ങളില്‍ നടന താളം മുറുകവെ രക്താര്‍ബുദത്തിന്റെ കരാള കാലം പിന്നിലുണ്ടെന്നു കണ്ടു നിന്നവരൊന്നും അറിഞ്ഞില്ല. എറണാകുളം രാമവര്‍മ ക്ലബിലെ ചെറു കൂട്ടായ്മ കണ്ണിമ ചിമ്മാതെ ആ കുരുന്നു ചുവടുകളുടെ വിലോഭനത്തില്‍ ലയിച്ചു. ഒന്നര വയസില്‍ രക്താര്‍ബുദം പിടികൂടിയെന്നത് ഒരു പുരാവൃത്തം പോലെ അവളും മറക്കുന്നു. അവിടെ ഒത്തുചേര്‍ന്ന അര്‍ബുദരോഗികളായ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ നാളമായി മാറുകയായിരുന്നു അരുണ. 

    ജീവിതം നല്കിയ ആത്മവിശ്വാസത്തില്‍ നൃത്തംചെയ്ത അരുണ ഒരിക്കല്‍കൂടി സദസിനെ അത്ഭുതപ്പെടുത്തി. ഏഴുവയസുകാരിയുടെ മനസിനും ശരീരത്തിനും എത്തിപ്പെടാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു ഈ കൊച്ചുമിടുക്കിയുടെ നൃത്തപ്രകടനം. നിറഞ്ഞ സദസിനുമുന്നില്‍ അരുണ ആടിത്തീര്‍ന്നപ്പോള്‍ കടലിരമ്പുംപോലെ കരഘോഷം. ഒടുവില്‍ ദേശീയ അവര്‍ഡ് ജേതാവായ സംവിധായകനില്‍ നിന്നും സമ്മാനം. 

     കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാമവര്‍മ ക്ലബ്ബില്‍ നടത്തിയ അര്‍ബുദ ബാധിതരായ കുട്ടികളുടെ സംഗമത്തില്‍ അരുണയായിരുന്നു താരം. അരുണയുടെ നൃത്തത്തില്‍ അലിഞ്ഞുചേര്‍ന്ന സദസ് ഈ കലാകാരിയെ അഭിനന്ദനങ്ങള്‍കൊണ്ടു പൊതിഞ്ഞു. നൃത്തം മികച്ചതായിരുന്നുവെന്ന് അര്‍ബുദത്തെ അതിജീവിച്ച് കലാരംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ സിദ്ധാര്‍ഥിന്റെ അഭിനന്ദനം അരുണയുടെ കണ്ണില്‍ ജീവിത വിജയത്തിന്റെ തിളക്കം നല്കി. 
   പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ജോജിയുടെയും ലേഖയുടെയും മകളായ അരുണയ്ക്ക് ഒന്നരവയസുള്ളപ്പോഴാണ് രക്താര്‍ബുദം പടിപെട്ടത്. അര്‍ബുദ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അസുഖം ഭേദമായെങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് പരിശോധന തുടരണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ് അരുണ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പെരുമ്പാവൂര്‍ സ്വദേശിനി സൗമ്യയുടെ കീഴിലായിരുന്നു നൃത്തപഠനം. പെരുമ്പാവൂര്‍ സാന്തോം സ്‌ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് അരുണ. 
      അരുണയ്ക്ക് പുറമേ സംഗമത്തിനെത്തിയ മറ്റു കുട്ടികളും രോഗം തങ്ങള്‍ക്ക് നല്‍കിയ വേദന മറന്ന് കലാപരിപാടികളുമായി വേദി കീഴടക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ഓളം കുട്ടികളാണ് മാതാപിതാക്കളോടൊപ്പം സംഗമത്തിലെത്തിയത്. പാട്ടുകളും നൃത്തപരിപാടികളുമായി കുട്ടികള്‍ ഒരു പകല്‍ ചെലവഴിച്ചു. അഞ്ചാമത്തെ വര്‍ഷമാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി ഇത്തരത്തിലുള്ള സംഗമം സംഘടിപ്പിക്കുന്നത്. 
    സൊസൈറ്റി അംഗം ഡോ.വി.പി. ഗംഗാധരന്‍, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, മിത്ര കുര്യന്‍, ഗായകന്‍ സുദീപ് എന്നിവരും കുട്ടികളുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എത്തി. പല തവണയും ഈ സംഗമത്തില്‍ വരാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് എത്താന്‍ സാധിച്ചതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ കണ്ട് അഭിനന്ദനം അറിയിച്ച ശേഷമാണ് മഞ്ജു മടങ്ങിയത്.

Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top