Readers Mirror Readers Mirror Author
Title: കമല്‍ഹാസന്‍...സിനിമയുടെ വിശ്വരൂപം
Author: Readers Mirror
Rating 5 of 5 Des:
അനില്‍ തോമസ്   തമിഴ്‌നാട്ടുകാരുടെ ഉലകനായകന്‍ ഇന്ത്യയിലെങ്ങും പ്രിയപ്പെട്ട അഭിനേതാവാണ്. ചലച്ചിത്രം ഒരു മായാലോകമാണെങ്കില്‍ അതിലെ മായികത...

അനില്‍ തോമസ്

  തമിഴ്‌നാട്ടുകാരുടെ ഉലകനായകന്‍ ഇന്ത്യയിലെങ്ങും പ്രിയപ്പെട്ട അഭിനേതാവാണ്. ചലച്ചിത്രം ഒരു മായാലോകമാണെങ്കില്‍ അതിലെ മായികതയുടെ രാജാവാണ് കമല്‍ഹാസന്‍. മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. 14 തവണ ഫിലിംഫെയര്‍ പുരസ്‌കാരം...കമല്‍ഹാസനൊപ്പം കുറച്ചുനേരം

  അമ്പത്തെട്ടുവയസിനു എത്രമാത്രം ചെറുതാകാമെന്നു കമല്‍ഹാസന്റെ മുഖത്തുനോക്കിയാല്‍ അറിയാം. പ്രായത്തില്‍ പാതിയും ഒളിപ്പിച്ചുവച്ച മുഖം. പുഞ്ചിരിയുടെ പ്രകാശരേണുക്കള്‍ ഓടിക്കളിക്കുന്ന സംസാരം. വിടര്‍ന്ന കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ ഓളങ്ങള്‍.
  കുറച്ചുകാലത്തിനുശേഷമാണ് കമല്‍ഹാസന്‍ കേരളത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വരുന്നത്. (മാധ്യമങ്ങള്‍ക്കുമുന്നില്‍പ്പെടാതെ വര്‍ഷത്തില്‍ പലവട്ടം കേരളത്തില്‍ എത്താറുണ്ട്. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ ഒഴിവു സമയം ചെലവഴിക്കാറുണ്ട്. കേരളത്തിലെ തനതു രുചികള്‍ ആസ്വദിക്കാറുണ്ട്.) ഇതിനു മുമ്പു വന്നത് ദശാവതാരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്. രണ്ടുവര്‍ഷത്തിനുള്ളില്‍ മാറിയതു കലണ്ടറിലെ അക്കങ്ങള്‍മാത്രമാണെന്നു കമല്‍ഹാസന്റെ മുഖം പറയുന്നു.
  ഡിസംബര്‍ ഇരുപത്തിമൂന്നിന്റെ തിളങ്ങുന്ന മധ്യാഹ്നത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കമല്‍ഹാസന്‍ നിറയെ സംസാരിച്ചു. രണ്ടുവര്‍ഷം എടുത്തു പൂര്‍ത്തിയാക്കിയ വിശ്വരൂപം എന്ന പുതിയ സിനിമയെക്കുറിച്ച്, മലയാളത്തില്‍ അഭിനയിക്കാനുള്ള താത്പര്യത്തെക്കുറിച്ച്, ഹോളിവുഡിലേക്കുള്ള ക്ഷണത്തെക്കുറിച്ച്, ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച്...
  സംസാരം മലയാളത്തില്‍. വാക്കുകളില്‍ തമിഴ്ച്ചുവ തീരെയില്ല. ചോദ്യങ്ങളോടു കലഹമില്ല. മറുപടിയില്‍ ബുദ്ധിയുടെ തിളക്കം. തമിഴ്‌നാട്ടുകാരുടെ ഉലകനായകന്‍ ഇന്ത്യയിലെങ്ങും പ്രിയപ്പെട്ട അഭിനേതാവാണ്. ചലച്ചിത്രം ഒരു മായാലോകമാണെങ്കില്‍ അതിലെ മായികതയുടെ രാജാവാണ് കമല്‍ഹാസന്‍. ഓരോ ചിത്രത്തിലും അദ്ദേഹം അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കും. കുള്ളനായും സ്ത്രീയായും വൃദ്ധനായും വികടനായും സകലകലാവല്ലഭനായും അഭിനയത്തിന്റെയും അദ്ഭുതത്തിന്റെയും ദശാവതാരമാണ് കമല്‍ഹാസന്റെ സിനിമകള്‍.
  അഭിനയജീവിതത്തില്‍ അമ്പതിലേറെ വര്‍ഷങ്ങള്‍ കമല്‍ഹാസന്‍ പിന്നിട്ടിരിക്കുന്നു. നാലാംവയസില്‍ സിനിമയിലേക്കുള്ള പ്രവേശം. പിന്നീട് നൃത്തസംവിധായകന്റെ അസിസ്റ്റന്റ്. നായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍... കമല്‍ഹാസന്‍ അണിയാത്ത വേഷങ്ങള്‍ കുറവ്.

   മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. 14 തവണ ഫിലിംഫെയര്‍ പുരസ്‌കാരം. അഭിനയ ജീവിതത്തില്‍ ആദരിക്കപ്പെട്ടതു നിരവധി തവണ.മാധ്യമങ്ങളോടു സംസാരിക്കാന്‍ ഒരു മണിക്കൂര്‍ ആയിരുന്നു അനുവദിച്ചിരുന്നത്. ഒരു മണിക്കൂര്‍ സംഭാഷണം നീളുമ്പോള്‍ അസ്വസ്ഥതയില്ല. പിരിയുമ്പോള്‍ നിങ്ങളെനിക്കു ഹൃദ്യമായ ദിവസം സമ്മാനിച്ചുവെന്ന നന്ദിചൊല്ലല്‍.  
ഓരോ കമല്‍ഹാസന്‍ സിനിമ റീലിസ് ചെയ്യുമ്പോഴും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും സമാസമമാണ്. കമലഹാസന്റെ ഏറ്റവും പുതിയ ചിത്രം വിശ്വരൂപവും തിയറ്ററില്‍ എത്തും മുമ്പ് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ഡിടിഎച്ച് റിലീസിംഗിലൂടെ വീടുകളിലിരുന്ന് സിനിമ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയാണ് കമല്‍ഹാസന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
എന്തുകൊണ്ട് ഡിടിഎച്ച്.?
   ചലച്ചിത്ര വ്യവസായത്തിലെ പുതിയ മാര്‍ഗമാണു ഡിടിഎച്ച് റിലീസ്. ഇന്ത്യയിലാദ്യമായാണു ഡിടിഎച്ചിലൂടെ സിനിമാ റിലീസ് ചെയ്യുന്നത്. അന്താരാഷ്ട്ര റിലീസിംഗുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു രീതി ലോകത്തുതന്നെ ഉണ്ടായിട്ടില്ലെന്ന് അറിയാനായത്. അതായത് ലോകത്ത് ആദ്യമായി ഡിടിഎച്ച് വഴി റിലീസ് ചെയ്യുന്ന ചിത്രമാണ് വശ്വരൂപം. ജനുവരി 10 നാണ് വിശ്വരൂപം ഡിടിഎച്ച് വഴി വീടുകളില്‍ എത്തുന്നത്. ഡിടിഎച്ച് റിലീസിംഗിനോടു തീയറ്റര്‍ ഉടമകള്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. വിശ്വാരൂപം തീയറ്ററില്‍ റിലീസിംഗിനു ഡേറ്റ് ചോദിച്ചു ചെന്നപ്പോള്‍ സിനിമാ എടുക്കാന്‍ തീയറ്ററുകാര്‍ വിസമതിച്ചു. ടിവിയില്‍ വന്ന സിനിമാ കാണാന്‍ ആളുകളെത്തില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
   ഇതൊരു പുതിയ രീതിയാണ്. നിര്‍മാതാവിനു കുറച്ചുകൂടി പണം ലഭിക്കാവുന്ന പുതിയ രീതി. ഞാനിതു ചെയ്തില്ലെങ്കിലും മറ്റാരെങ്കിലുമതു ചെയ്യും. കാരണം ഇതു കാലത്തിന്റെ ആവശ്യമാണ്. എല്ലാ വീടുകളിലും സിനിമ റിലീസ് ചെയ്യും എന്നല്ല അര്‍ഥം. ഡിടിഎച്ച് സംവിധാനത്തിനൊപ്പം ആയിരം രൂപയുടെ പ്രത്യേക കൂപ്പണ്‍ എടുക്കുന്നവര്‍ക്കെ സിനിമാ കിട്ടുകയുള്ളു. സിനിമാ ഡൗണ്‍ലോഡ് ചെയ്യാന്നുള്ള അവസരവും ഉണ്ട്. ഇതൊക്കെ അംഗീകരിക്കാന്‍ കുറെ കാലമെടുക്കും. ഡിവിഡിയും സാറ്റ്‌ലൈറ്റും ഡിജിറ്റല്‍ ക്യാമറയുമൊക്കെ വന്നപ്പോഴൊക്കെ ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പഴയതില്‍ തന്നെ നിന്നാല്‍ അവരെ കാലം തഴയും. അയ്യപ്പസ്വാമിയുടെ ചിത്രം വീട്ടിലുണ്ടെന്നുകരുതി ആരെങ്കിലും ശബരിമലയില്‍ പോകാതിരിക്കുമോ. അതുപോലെയാണ് വേളാങ്കണ്ണിയിലും ഹജ്ജിനുമൊക്കെ വിശ്വാസികള്‍ പോകുന്നത്.
   ഡിടിഎച്ചിലൂടെ സിനിമ വീട്ടിലെത്തുന്നത് ഒരിക്കലും തീയറ്ററിനെ ഇല്ലാതാക്കില്ല. തീയറ്ററില്‍ ഇരുന്നു കാണുന്ന ഇഫക്ട് വീട്ടിലിരുന്നാല്‍ കിട്ടില്ല. തീയറ്ററില്‍ പോയി സിനിമാ കാണാന്‍ കഴിയാത്തവര്‍ക്ക് ഇത്തരമൊരു സംവിധാനം സഹായകമാകും. ഇതുവഴി കുറെക്കൂടി ലാഭകരമായി ബിസിനസ് ചെയ്യാം എന്നാണ് കരുതിയത്. ഹോട്ടലുകള്‍, ക്ലബുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ സിനിമയുടെ ഡിടിഎച്ച് റിലീസിംഗ് നിരോധിച്ചിട്ടുണ്ട്. ചിത്രം നന്നായില്ലെങ്കില്‍ ഏതു ഫ്‌ളാറ്റ്‌ഫോമില്‍ നല്‍കിയാലും ആളുകള്‍ സ്വീകരിക്കില്ല. പണം മുടക്കുന്നവര്‍ക്കു കുറെക്കൂടി ലാഭം നേടാനാകുന്ന സംവിധാനം.

പുതിയ ചിത്രം വിശ്വരൂപത്തെക്കുറിച്ച്?
   അന്താരാഷ്ട്ര നിലവാരത്തില്‍ മികച്ച ടെക്‌നീഷന്‍മാരെവച്ച് നിര്‍മിച്ച ചിത്രമാണ് വിശ്വരൂപം. രണ്ടുവര്‍ഷത്തോളമായി സിനിമയുടെ നിര്‍മാണത്തിലായിരുന്നു. ഈ മാസം 11 നാണ് സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമാ റിലീസ് ചെയ്യും. അതിനു മുമ്പ് സിനിമ ടിവിയില്‍ എത്തി വിശ്വരൂപത്തിന്റെ പ്രത്യേകത.
   മികച്ച ഗാനങ്ങളാണ് സിനിമയിലുള്ളത്. ക്വാളിറ്റിക്കാണ് പ്രധാന്യം നല്കിയിട്ടുള്ളത്. നൂതന ശബ്ദസംവിധാനവും സിനിമയുടെ പ്രത്യേകതയാണ്. പ്രക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന ധാരണ എനിക്കുണ്ട്. സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ. കുറഞ്ഞപക്ഷം അധ്വാനത്തെയെങ്കിലും മാനിക്കും.
താങ്കളുടെ 'ഗ്ലോബല്‍ എന്‍ട്രി'യാണ് വിശ്വരൂപം എന്നു പറയാമോ?
   അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ഇന്ത്യന്‍ ചിത്രമാണ് വിശ്വരൂപം. ടെക്‌നീഷന്‍മാര്‍ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നവരാണ്. സിനിമയുടെ എഡിറ്റിംഗ് നടത്തിയിട്ടുള്ളത് മലയാളിയായ മഹേഷ് നാരായണനാണ്. ട്രാഫിക് കണ്ടതിനു ശേഷമാണ് മഹേഷിനെ എന്റെ സിനിമയിലേക്ക് വിളിച്ചത്. സംഘട്ടനം ഒരുക്കിയിരിക്കുന്നത് അമേരിക്കന്‍ സ്വദേശിയാണ്. വിയറ്റ്‌നാമില്‍ നിന്നുള്ള ആളാണ് സിനിമയുടെ കലാസംവിധായകന്‍. ചിത്രത്തിന്റെ പശ്ചാത്തലം അമേരിക്കയും അഫ്ഗാനിസ്ഥാനുമാണ്.
   അഫ്ഗാനിസ്ഥാനില്‍ ഷൂട്ടിംഗിന് തടസങ്ങളുണ്ടായിരുന്നു. ഉദ്യേശിക്കുന്ന രീതിയിലുള്ള ഷൂട്ടിംഗ് ആയിരിക്കില്ല 'ഷൂട്ടിംഗ്' ആയിരിക്കും അവടെയുണ്ടാകുകയെന്നായിരുന്നു കൂടെയുള്ളവരുടെ അഭിപ്രായം. അതിനാല്‍ കസാക്കിസ്ഥാനിലും തജിക്കിസ്ഥാനിലും അഫ്ഗാന്റെ പ്രതീതി ജനപ്പിക്കുന്ന സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ആദ്യമായാണ് ഹോളിവുഡ് നിലയില്‍ ഉന്നത സാങ്കേതിക നിലവാരം പുലര്‍ത്തുന്ന സിനിമയില്‍ അഭിനയിക്കുന്നത്. 100 കോടി രൂപയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ടീമാണ് സംഗീതം. ലോകപ്രശസ്ത കഥക് നര്‍ത്തകന്‍ ബിര്‍ജു മഹാരാജാണ് ഇതിലെ നൃത്തം ചിട്ടപ്പെടുത്തിയത്.
യുദ്ധത്തിനെതിരെയുള്ള സന്ദേശം
   യുദ്ധത്തിനെതിരെയുള്ള സന്ദേശവും സിനിമ നല്‍കുന്നുണ്ട്. യുദ്ധം കാലഹരണപ്പെട്ട മുറയാണ്. ടെറസിസം എവിടെയും ഉണ്ടാകാം. ആളുകളെ കൊല്ലുന്നത്് മനുഷത്വം നഷ്ടമായവരാണ്. അതുണ്ടാകാന്‍ സ്‌നേഹമെന്താണെന്ന് പഠിക്കണം. അത് ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. ടെറസിസത്തെ എങ്ങനെ ഇല്ലാതാക്കമെന്നതാണ് സിനിമ പറയുന്നത്. ഇന്ന് ഏതു രാജ്യവും ഭയപ്പെടുന്നത് ടെററിസത്തെയാണ്. അത് എവിടെവേണമെങ്കിലും ജനറേറ്റു ചെയ്യാം. മരിക്കാന്‍ തയ്യാറായാണ് ഒരാള്‍ തീവ്രവാദിയാകുന്നത്. അവനെ വെടിയുണ്ടകൊണ്ട് ഭീഷണിപ്പെടുത്താനാകില്ല. ചര്‍ച്ചയിലൂടെ മാത്രമെ ഏതുതരത്തിലുള്ള തീവ്രവാദവും പരിഹരിക്കാനാകു. തുറന്ന മനസിലും ചിരിക്കുന്ന മുഖത്തിനും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. കലാകരന്‍ ഒരു മധ്യസ്ഥനാണ്. യുദ്ധത്തെയും ചിത്രത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.

സെന്‍സര്‍ പ്രശ്‌നങ്ങള്‍?
   സെന്‍സര്‍ബോര്‍ഡ് ഒരു ഷോട്ടുപോലും മുറിക്കാത്ത എന്റെ ആദ്യ ചിത്രമാണ് വിശ്വരൂപം. പക്ഷേ എ സര്‍ട്ടിഫിക്കറ്റാണ് തന്നത്. യുഎ അക്കണമെന്നഭ്യര്‍ഥിച്ച് വീണ്ടും സെന്‍സര്‍ബോര്‍ഡിനെ സമീപിച്ചു. അങ്ങനെയെങ്കില്‍ മൂന്നുനാലു ഷോട്ടുകള്‍ മുറിച്ചു മാറ്റേണ്ടിവരും, അതിന്റെ ആവശ്യമുണ്ടോയെന്നായിരുന്നു അവരുടെ ചോദ്യം. ഈ സിനിമ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ആളുകള്‍ കാണണമെന്നുണ്ടായിരിക്കാം അതായിരിക്കും അവര്‍ അങ്ങനെ പറഞ്ഞത്.
മലയാളത്തിലേക്ക് വീണ്ടുമൊരു എന്‍ട്രി പ്രതീക്ഷിക്കാമോ?
   മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. നല്ല സ്‌ക്രിപ്റ്റും റോളുമുണ്ടെങ്കില്‍. മലയാള സിനിമാ അധികം കാണാന്‍ കഴിയാറില്ല. സ്പിരിറ്റ് നല്ല സിനിമയാണ്. കേരളത്തിലായാല്‍ ഞാന്‍ മലയാളിയാണ്. മലയാളത്തില്‍ നവ സിനിമാ തരംഗങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്.
ഹോളിവുഡിലേക്ക്?
  ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ചര്‍ച്ചയിലാണ്. വിശ്വരൂപം കണ്ട ഹോളിവുഡ് നിര്‍മാതാവ് ബാരി ഓസ്‌ബോണ്‍ താനുമായി സിനിമ ചെയ്യുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
   നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള താങ്കള്‍ ഒാസ്‌കാര്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്നോ.?
ഓസ്‌ക്കാര്‍ അമേരിക്കന്‍ സിസ്റ്റമാണ്. അമേരിക്കന്‍ ശൈലിയിലുള്ള മാനദണ്ഡങ്ങളാണ് അതില്‍ പരിഗണിക്കുന്നത്. ഇതിലൊരു ഭാഗമാത്രമാണ് ലോകസിനിമയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. അമേരിക്കന്‍ സിനിമയിലൂടെ വേണം അതുലഭിക്കാന്‍. അല്ലെങ്കില്‍ സത്യജിത്ത് റായ്ക്ക് ലഭിച്ചതുപോലെ ആജീവനാന്ത സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരമാകണം. ഞാന്‍ സിനിമ ചെയ്യുന്നത് ഇന്ത്യയിലാണ്. സിനിമയെ മികച്ചതാക്കുന്നത് ഓസ്‌കാര്‍ അവാര്‍ഡല്ല. എനിക്ക് അമേരിക്കയോട് ബഹുമാനമുെങ്കിലും എല്ലാക്കാര്യത്തിലും അമേരിക്കയെ നോക്കിചെയ്യുന്നത് ശരിയല്ല. ഞാന്‍ ഒരു മേഥേഡ് ആക്റ്ററാണെന്നാണ് എല്ലാവരും പറയുന്നത്. എന്റെ അഭിനയത്തില്‍ ഒരു മെഥേഡുണ്ട്.
രജനികാന്തുമായി ഒരുമിച്ചഭിനയിക്കുന്നതിനുള്ള പ്രെപ്പോസല്‍ ഉണ്ടായിരുന്നല്ലോ?
   അങ്ങനെയൊരു പ്രൊപ്പോസല്‍ ഉണ്ടായിരുന്നു. പലവട്ടം ആലോചനയുമുണ്ടായിരുന്നു. ചെലവ് കൂടിയതിനാല്‍ ഒഴിവാക്കുകയായിരുന്നു. താരമൂല്യമുള്ള രണ്ട് താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ചെലവ് കൂടും. ഞങ്ങളുടെ പ്രതിഫലം കഴിഞ്ഞാല്‍ പിന്നെ സിനിമാ നിര്‍മിക്കാന്‍ ബജറ്റ് കുറവായിരിക്കും. ഒരു ചിത്രത്തിന് പ്രതിഫലം ഒഴിവാക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടാണ് അതു നടക്കാതെ പോയത്.
അടുത്ത പ്രൊജക്ട്?
   വിശ്വരൂപം രണ്ടിന്റെ വര്‍ക്കുകള്‍ ആരംഭിച്ചു. ഷൂറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. വിശ്വരൂപം ദൈര്‍ഘ്യമേറിയ സബ്ജക്ടാണ്. കഥ ഒരു സിനിമയിലൊതുക്കാന്‍ കഴിയുന്നതല്ല. അതാണ് രണ്ടാംഭാഗംകൂടി ചെയ്യാന്‍ ആലോചിച്ചത്.
ഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച്?
  നിര്‍ഭാഗ്യകരമായ സംഭവമാണിത്. ഡല്‍ഹിയില്‍ ബസില്‍വച്ചുണ്ടായത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല. സംഭവം നടന്നത് എന്റെ രാജ്യത്താണ്. എന്റെ സഹോദരിയാണ് പീഡനത്തിനിരയായത്. നാണക്കേടെന്താണെന്നുവെച്ചാല്‍ അതു ചെയ്തത് എന്റെ സഹോദരനാണ് എന്നതാണ്. ഇത്തരമൊരു ക്രൂരതചെയ്യാനുള്ള ധൈര്യം ഇവര്‍ക്കെങ്ങനെയുണ്ടായെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. തെറ്റുചെയ്തവരെ തൂക്കിലേറ്റണമെന്ന എല്ലാവരുടെയും ആവശ്യം. ഒരു കൊലയ്ക്ക് മറ്റൊരു കൊലയല്ല പരിഹാരം. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതുപോലെ വധശിക്ഷയെന്നത് നിയമപിന്തുണയോടെയുള്ള കൊലപാതകമാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊരു കുറ്റകൃത്യം പരിഹാരമാകുമോ. ഒരു അഭിഭാഷകന്റെ മകനായ എന്റെ മനസിലെ ചിന്തയിതാണ്.
  ഇത്തരം സംഭവങ്ങള്‍ നിരന്തരമുണ്ടാകുന്നത് പ്രതികള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ പരിരക്ഷയാകാം. ഇതിന് മാറ്റമുണ്ടായെങ്കിലെ ജനാധിപത്യത്തിന് നിലനില്‍പ്പുണ്ടാകു. സംഭവത്തില്‍ മാധ്യമങ്ങളും ജനങ്ങളും കൈകാര്യം ചെയ്യുന്ന രീതിയോടു സന്തോഷമുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതിനോട് യോജിപ്പില്ല.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top