Readers Mirror Readers Mirror Author
Title: ഉന്തിയും തള്ളിയും അഞ്ചു നാള്‍; സംഘാടനത്തിലെ പിഴവ് മേളയുടെ മാറ്റു കുറച്ചു
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: വ്യക്തമായ ആസൂത്രണമില്ലാതെ ഉന്തിയും തള്ളിയും അഞ്ചുനാള്‍ നീക്കിയ കൊച്ചി അന്താരാഷ്ട്ര ചിലചിത്രമേള സംഘാടനത്തിലെ പാളിച്ച മൂലം വെറ...

കൊച്ചി: വ്യക്തമായ ആസൂത്രണമില്ലാതെ ഉന്തിയും തള്ളിയും അഞ്ചുനാള്‍ നീക്കിയ കൊച്ചി അന്താരാഷ്ട്ര ചിലചിത്രമേള സംഘാടനത്തിലെ പാളിച്ച മൂലം വെറും സിനിമാ പ്രദര്‍ശനമായി പരിസമാപിച്ചു. സംഘാടക സമിതിയിലെ പടലപ്പിണക്കങ്ങളും ചേരി തിരുവുകളും ആദ്യ അന്താരാഷ്ട്ര ചലചിത്രോസവത്തെ നിറം കെട്ടതാക്കി. വ്യക്തമായ മുന്നോരുക്കങ്ങളില്ലാതെ കാര്യങ്ങല്‍ നടപ്പാക്കാനുള്ള ചിലരുടെ ഏകാധിപത്യമായ നീക്കം മേളയെ പ്രേക്ഷകരില്‍ നിന്നും അകറ്റിയതെന്നാണ് സംഘാടകരിലെ ചിലരുടെ ആരോപണം.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റീവലുകളില്‍ കൊച്ചിക്ക് സ്വന്തമായൊരു മേല്‍വിലാമാണ് ആദ്യ കൊച്ചി ചലചിത്രമേളയിലുടെ സിനിമാ പ്രേമികള്‍ സ്വപ്‌നം കണ്ടത്. സിനിമാ നിര്‍മാണത്തിന്റെ കേന്ദ്രമെന്ന നിലയിലും വിനോദ സഞ്ചാരികള്‍ അധികം വന്നുപോകുന്ന ഇടമെന്ന നിലയിലും ഒരു ചലചിത്രമേള കൊച്ചിക്ക് ആവശ്യമായിരുന്നു. എന്നാല്‍ സംഘാടത്തിലെ പാളിച്ചകളും വ്യക്തി വിദ്വേഷങ്ങളും ചേരിതിരിവിലേക്ക് വഴിവെച്ച അഭിപ്രായ ഭിന്നതകളുമൊക്കെ പ്രതീക്ഷകളെ തകിടം മറിച്ചു. വലിയ ഉത്സാഹത്തോടെ ആരംഭിച്ച മേള പിന്നീട് എങ്ങനെയും അവസാനിപ്പിച്ചാല്‍ മതിയെന്ന നിലയില്‍ വരെ സംഘാടകരെത്തിച്ചതും ഇതാണ്.
ചലചിത്ര മേളകള്‍ സംഘടിപ്പിച്ച് കഴിവു തെളിയിച്ച ഒരാളില്ലെന്നതായിരുന്നു കൊച്ചി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റീവലിന്റെ അടിസ്ഥാപരമായ പോരായ്മ. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും അത് പ്രദര്‍ശിപ്പിക്കുന്നതിലും ഫെസ്റ്റീവല്‍ ഡയറക്ടര്‍ ചുമതലകള്‍ കൃത്യതയോടെ ചെയ്തിരുന്നില്ലെന്നാണ് സംഘാടകര്‍ക്കുള്ളിലെ പ്രധാന ആക്ഷേപം. ഫെസ്റ്റീവലിന്റെ ആലോചന യോഗം മുതല്‍ സമാപനം വരെ കൂടിയ യോഗങ്ങളിലൊക്കെ അഭിപ്രായ ഭിന്നതകള്‍ അതിരൂക്ഷമായിരുന്നു. യോഗങ്ങള്‍ നടക്കുന്നുവെന്നതല്ലാതെ മേളയുടെ നടത്തിപ്പിനാവശ്യമായ കാര്യങ്ങളില്‍ ഒരു വ്യക്തതയും ഉണ്ടായില്ല. മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകള്‍ സംബന്ധിച്ചോ, നടത്തിപ്പിനാവശ്യമായ കമ്മറ്റികള്‍ സംബന്ധിച്ചോ, പങ്കെടുപ്പിക്കേണ്ട വ്യക്തികളെ സംബന്ധിച്ചോ ആര്‍ക്കും ധാരണയില്ലായിരുന്നു. ഫെസ്റ്റീവല്‍ ഡയറക്ടര്‍ ഇക്കാര്യങ്ങളൊക്കെ സംഘാടക സമിതിയുമായി കൂടിയാലോചിച്ചിരുന്നില്ലെന്നാണ് മറ്റ് സംഘാടകരുടെ ആക്ഷേപം. ആദ്യം വലിയ ഉത്സാഹത്തോടെ കടന്നുവന്ന പല സംഘാടകരും കാര്യങ്ങളില്‍ വ്യക്തതയില്ലാതായതോടെ പിന്‍വാങ്ങി. മേള ആരംഭിക്കാന്‍ തീരുമാനിച്ചതിന് രണ്ടു ദിവസം മുമ്പ് അടിയന്തിരമായ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ പദ്ധതി ഉപേക്ഷിക്കുന്ന നിലവരെ കര്യങ്ങളെത്തി. 15 ലക്ഷത്തോളം രൂപ ഈ സമയം കൊണ്ട് ചെലവഴിച്ചു കഴിഞ്ഞിരുന്നു. പണം നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്നും ഈ നിലയിലാണ് കാര്യങ്ങള്‍ പോയാല്‍ പിന്നീടുണ്ടാകുന്നത് വലിയ നഷ്ടമാകുമെന്നു പറഞ്ഞ് പദ്ധതി ഉപേക്ഷിക്കാന്‍ കളക്ടറാണ് ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ വ്യക്തിപ്രഭാവം പടുത്തുയര്‍ത്താനുള്ള ഫെസ്റ്റീവല്‍ ഡയറക്ടറുടെ നിര്‍ബന്ധത്തിന് സംഘാടകര്‍ പിന്നീട് വഴിങ്ങിക്കൊടുക്കുകയായിരുന്നു.
മേള ആരംഭിക്കുന്നതിന് തലേദിവസം പോലും പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലിസ്‌റ്റോ പ്രദര്‍ശന സമയമോ സംഘാടകരുടെ കയ്യിലുണ്ടായിരുന്നില്ല. പണം നല്‍കി പാസ് സംഘടിപ്പിച്ചവര്‍ ഫെസ്റ്റിവല്‍ ബുക്കും പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ വിവരങ്ങളും ആവശ്യപ്പെട്ടപ്പോള്‍ അവയൊക്കെ പത്രങ്ങളിലൂടെ ലഭിക്കുമെന്നായിരുന്നു സംഘാടകരുടെ മറുപടി. മേളയുടെ അവസാനം വരെ ഈ അനിശ്ചിതത്വം തുടരുകയും ചെയ്തു. ഇതിനിടെ ഫെസ്റ്റീവല്‍ ബുക്ക് ആവശ്യപ്പെട്ടവരോട് ഉത്തരവാദപ്പെട്ടവര്‍ തട്ടിക്കയറിയത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. അന്നന്നു പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ വിവരങ്ങള്‍ അടങ്ങിയ ചെറിയ പത്രം സംഘാടകര്‍ ഇറക്കിയിത് മാത്രമാണ് ഡെലിഗേറ്റുകള്‍ക്കുണ്ടായ ചെറിയൊരാശ്വാസം.
പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും മേളയുടെ പരാജയത്തിനു കാരണമായി. ഫെസ്റ്റിവല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘാടനത്തിലുണ്ടായ പാളിച്ചയാണതിന് കാരണമായത്. പ്രചരണത്തിനാവശ്യമായ പോസ്റ്ററുകളും നോട്ടിസുംമറ്റും മേള ആരംഭിക്കുന്നതിനു മുമ്പുതന്നെ നഗരത്തിന്റെ എല്ലാ ഭാഗത്തും പതിപ്പിക്കുന്നതിന് ആലോചനകളുണ്ടായിരുന്നെങ്കിലും ആരുടെ ഭാഗത്തുനിന്നും അതിനുള്ള നീക്കമുണ്ടായില്ല. സിനിമാ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിനു മുന്നില്‍ മാത്രമാണ് പോസ്റ്ററുകള്‍ കണ്ടത്.
മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച ഉപസമതികളും പ്രഹസനമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സിനിമാ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെയുമൊക്കെ ഉള്‍പ്പെടുത്തിയാണ് ഉപസമതികള്‍ക്കു രൂപം നല്‍കിയത്. എന്നാല്‍ ഇക്കാര്യം പലരെയും അറിയിച്ചിട്ടില്ലെന്നാണ് ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാനായത്. ഉപസമിതികളില്‍ പേരുകളുണ്ടായിരുന്ന ഭൂരിഭാഗമാളുകളും മേളയില്‍ പങ്കെടുക്കാനെത്തിയതുമില്ല. ജില്ല ഭരണകൂടം, കൊച്ചി നഗരസഭ, ഡിടിപിസി, മെട്രോ ഫിലിം സൊസൈറ്റി, കൊച്ചി ഫിലിം സൊസൈറ്റി, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മേള സംഘടിപ്പിച്ചത്.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top