Readers Mirror Readers Mirror Author
Title: അജ്ഞാത സ്ത്രീയുടെ വാക്കുകളില്‍ ദൈവസ്പര്‍ശമറിഞ്ഞ് രക്ഷാമുഖങ്ങളില്‍ ജയാനന്ദന്‍
Author: Readers Mirror
Rating 5 of 5 Des:
അനില്‍ തോമസ് കൊച്ചി: കണ്‍മുന്നില്‍ അപകടം കണ്ടാല്‍ മാറിനില്‍ക്കാന്‍ ജയാനന്ദന് കഴിയില്ല. ജയില്‍ കയറേണ്ടിവന്നാല്‍ പോലും ആവുന്നത് ജയാനന്ദന്‍...
അനില്‍ തോമസ്
കൊച്ചി: കണ്‍മുന്നില്‍ അപകടം കണ്ടാല്‍ മാറിനില്‍ക്കാന്‍ ജയാനന്ദന് കഴിയില്ല. ജയില്‍ കയറേണ്ടിവന്നാല്‍ പോലും ആവുന്നത് ജയാനന്ദന്‍ ചെയ്യും. 18 വര്‍ഷം മുമ്പ് ഇതുപോലൊരവസ്ഥയില്‍ മരണം മുന്നില്‍ കണ്ടുകിടന്നപ്പോള്‍ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ബലിഷ്ഠമല്ലാത്ത ഒരു സ്ത്രീയുടെ കൈകളായിരുന്നു. നന്ദിപറയാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത് ഇത്തരത്തില്‍ അപകടത്തിലാകുന്നവരെ സഹായിക്കാന്‍ മനസുണ്ടാകണമെന്നുമാത്രം. പിന്നീടവരെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. പക്ഷെ, അവര്‍ തന്ന ഉപദേശം ഇന്നും ദൈവവചനം പോലെ സൂക്ഷിച്ചിട്ടുണ്ട് ഓട്ടോ ഡ്രൈവറായ ജയാനന്ദന്‍. 

അരൂരിലെ വിജയാമ്പിക ലിംങ്കു റോഡിലെ ലെവല്‍ ക്രോസില്‍ ട്രെയില്‍ തട്ടിമുറിച്ച കാറിനുള്ളില്‍ ജീവന്റെ അവസാന തുടിപ്പുമായി കിടന്ന ഒരാളെ തന്റെ ഓട്ടോറിക്ഷയിലേക്ക് എടുത്തുകയറ്റാന്‍ ജയാനന്ദന് കരുത്തു നല്‍കിയത് ആ ഉപദേശമായിരുന്നു. കാറിനുള്ളില്‍ നിന്നും ദൂരെ തെറിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ തുടിക്കുന്ന ശരീരവുമായി സ്ഥലത്ത് ഓടിക്കൂടിയവര്‍ തന്റെ അടുത്തുകൊണ്ടുവന്നപ്പോള്‍, മനസ് ചഞ്ചലപ്പെടുത്താതെ ഓട്ടോയുടെ സൈഡ്് കര്‍ട്ടണ്‍ വലിച്ചുകീറി മെത്തവിരിച്ച് ആ കുഞ്ഞു ശരീരം കിടത്തുകയായിരുന്നു. മനസില്‍ മുഴുവന്‍ ഇവരുടെ ജീവനുവേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു. മുമ്പ് ബൈക്ക് അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവന്‍ തിരിച്ചു നല്‍കാന്‍ ഒപ്പം നിന്ന ദൈവം എന്തുകൊണ്ടോ ഇത്തവണ കനിവുകാട്ടിയില്ല. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരുടെയും ജീവന്റെ തുടിപ്പ് നിലച്ചിരുന്നു.
അത്ര വേഗതയിലായിരുന്നില്ല ട്രെയില്‍ എത്തിയതെന്നാണ് ജയാനന്ദന്റെ സാക്ഷ്യപ്പെടുത്തല്‍. ഒന്നു രണ്ടു തവണ ഹോണ്‍ മുഴക്കുകയും ചെയ്തു. ഓട്ടം പോകുകയായിരുന്ന ജയാനന്ദന്‍ ട്രെയിന്‍ വരുന്നതു മനസിലാക്കി ട്രാക്കിനു മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി. എതിര്‍വശത്തുനിന്നും റെയില്‍വേ ട്രാക്കിലേക്ക് കാര്‍ കയറിവരുന്നതു കണ്ടു പിന്നിലേക്കെടുക്കാന്‍ ഉച്ചത്തില്‍ പറയാണമെന്നാഗ്രമുണ്ടായിരുന്നെങ്കിലും അതിനുള്ള സമയം കിട്ടിയില്ല. ഞൊടിയിടയില്‍ എല്ലാം സംഭവിച്ചു. കട്ടിയുള്ള ഒരു പുക ഉയര്‍ന്നു പൊങ്ങുന്നതായിരുന്നു ആദ്യം കണ്ടത്. അപകടം കണ്ട പാടെ ഓട്ടോയിലുണ്ടായിരുന്ന യുവതി ബോധം കെട്ടുവീണു. അവരെ വണ്ടിയില്‍ നിന്നും മാറ്റിയാണ് പരിക്കേറ്റ കാര്‍ഡ്രൈവറെയും കുട്ടിയേയും ഓട്ടോയില്‍ കയറ്റിയത്.
മുമ്പും പലതവണ അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ മനസുകാട്ടിയിട്ടുള്ളയാളാണ് ആരൂര്‍ പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജയാനന്ദന്‍. അതിലുണ്ടാകുന്ന നഷ്ടങ്ങളൊന്നും ജയാനന്ദന് പ്രശ്‌നമല്ല. സഹജീവികള്‍ക്ക് നന്‍മചെയ്യാനുള്ള അവസരം വല്ലപ്പോഴുമെ ലഭിക്കുകയുള്ളെന്നാണ് ഈ ഓട്ടോ ഡ്രൈവറുടെ അഭിപ്രായം. അതു നഷ്ടപ്പെടുത്താന്‍ ജയാനന്ദന്‍ തയ്യാറല്ല. 18 വര്‍ഷം മുന്‍പ് തന്റെ ഓട്ടോയില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ തന്റെ ജീവന്‍ രക്ഷിച്ച അജ്ഞാതയായ സ്ത്രീയുടെ വാക്കുകള്‍ എന്നും കരുത്തായി ഈ നാല്പതുകാരനെ അനുയാത്ര ചെയ്യുന്നു.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top