Readers Mirror Readers Mirror Author
Title: സമര പരമ്പര; കൊച്ചിയുടെ സിനിമാ രംഗത്ത്‌ കാര്‍മേഘങ്ങള്‍ നിറയുന്നു
Author: Readers Mirror
Rating 5 of 5 Des:
കൊച്ചി: തുടര്‍ച്ചയായുള്ള സമരം കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നായ സിനിമാ നിര്‍മാണം തീര്‍ത്തും പ്രതിസന്ധിയിലായി. കേരളത്തിലെ...


കൊച്ചി: തുടര്‍ച്ചയായുള്ള സമരം കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നായ സിനിമാ നിര്‍മാണം തീര്‍ത്തും പ്രതിസന്ധിയിലായി. കേരളത്തിലെ സിനിമാ നിര്‍മാണ രംഗത്തെ പ്രധാന കേന്ദ്രമായ കൊച്ചിയെ തുടര്‍ച്ചയായുള്ള സമരങ്ങള്‍ തെല്ലൊന്നുമല്ല ബാധിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിനിമാ ഷൂട്ടിംഗ് നടക്കുന്നതും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതും കൊച്ചിയിലാണ്. ഷോപ്പിംഗ് മാളുകളിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ സമുച്ചയങ്ങളുടെ വരവോടെ ഏറ്റവുമധികം സിനിമാശാലകളുള്ള നഗരവുമായി കൊച്ചി മാറി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നൂറുകണക്കിനു തൊഴിലാളികളാണു നഗരത്തിലുള്ളത്.  

സമരങ്ങളുടെ നാള്‍വഴി
2011 സെപ്റ്റംബര്‍ മുതല്‍ 2012 ഫെബ്രുവരി വരെ അഞ്ചു സമരങ്ങളാണു സിനിമാ മേഖലയില്‍ ഉണ്ടായത്. ഇതിനെചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വേറെ. തിയറ്റര്‍ അടച്ചിട്ടും വിതരണം മുടക്കിയും നിര്‍മാണം തടഞ്ഞുമൊക്കെ സിനിമയെ പരിപോഷിപ്പിക്കാനെന്ന ആശയവുമായി സംഘട്യൂകള്‍ നിരന്തരം സമരം നടത്തിയ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പടങ്ങള്‍ ബഹുഭൂരിഭാഗവും ബോക്‌സോഫീസില്‍ തകര്‍ന്നു. ഈ ഒഴിക്കിനെതിരെ തുഴഞ്ഞ സിനിമകള്‍ മാത്രമാണ് കുറച്ചുകാലമെങ്കിലും തിയറ്റര്‍ കണ്ടത്. സിനിമാ സമരം ചലച്ചിത്രത്തെ രക്ഷിക്കാനോ അതോ സംഘടനകളുടെ ശക്തി തെളിയിക്കാനോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഓണത്തിന് ഒളിമങ്ങയ സമരം
കേരളത്തില്‍ വൈഡ് റിലീസിംഗ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പ്രാഗ്ബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ട് ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനാണു സിനിമാ മേഖലയിലെ സമരപരമ്പരയ്ക്കു തുടക്കമിട്ടത്. 300 തിയറ്ററുകളാണ് സമരത്തിന്റെ ഭാഗമായി ഓണക്കാലത്ത് കേരളത്തില്‍ മുഴുവനും അടച്ചിട്ടത്.

നവംബര്‍ ഒരോര്‍മ്മ
മലയാള സിനിമാ മേഖലയില്‍ സംഭവബഹുലമായ മാസമായിരുന്നു നവംബര്‍. ദീര്‍ഘനാള്‍ നീണ്ടുനിന്ന സമരത്തിനും അതിന്റെ പേരില്‍ സംഘനകള്‍ക്കുള്ളിലുണ്ടായ ആഭ്യന്തര കലഹത്തിനും ഈ മാസം സാക്ഷ്യം വഹിച്ചു. സര്‍ക്കാരുമായും സിനിമാ സംഘടനകള്‍ തമ്മിലും തര്‍ക്കങ്ങളും കലഹങ്ങളും സിനിമാ മേഖലയെ പിടിച്ചുകുലുക്കി. എല്ലാത്തിനും മുഖ്യവേദിയായത് കൊച്ചി തന്നെ.
തിയറ്ററുകള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റിലീസിംഗ് തിയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരമാണ് ആറുമാസത്തിനിടെ സിനിമാ രംഗം കണ്ട എറ്റവും ദൈര്‍ഘ്യമേറിയ പ്രക്ഷോഭം. നവംബര്‍ ഒന്നിനാരംഭിച്ച സമരം 25 നാണ് അവസാനിച്ചത്. മലയാള ചിത്രങ്ങളുടെ റിലീസിംഗ് തടഞ്ഞുകൊണ്ടുള്ള സമരമാണു ഫെഡറേഷന്‍ നടത്തിയത്. 
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമരത്തില്‍ പ്രതിഷേധിച്ച് നവംബര്‍ ഒമ്പതു മുതല്‍ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സമരം ആരംഭിച്ചു. മലയാള ചിത്രങ്ങളുടെ റിലീസിംഗ് തടഞ്ഞുകൊണ്ടുള്ള സമരമാണ് എക്‌സിബിറ്റേഴ്‌സ് നടത്തിയതെങ്കില്‍ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിനിമയും റിലീസിംഗിന് നല്‍കാതെയുള്ള സമരമാണു വിതരണക്കാരുടെ സംഘടന നടത്തിയത്. ഇതുമൂലം മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ഇരുപതിലധികം സിനിമകളുടെ റിലീസിംഗാണു മുടങ്ങിയത്. 
സംഘടനയുടെ നിര്‍ദേശം ലംഘിച്ച് അസോസിയേഷനിലെ ചില അംഗങ്ങള്‍ സിനിമകള്‍ റിലീസിംഗിന് നല്‍കിയതും അഭ്യന്തര പ്രശ്‌നത്തിനു വഴിവച്ചിരുന്നു. എകസിബിറ്റേഴ്‌സ് അസോസിയേഷന്‍ സമരം പിന്‍വലിച്ച് 25 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും അന്നു സിനിമകള്‍ നല്‍കേണ്ടന്നായിരുന്നു വിതരണക്കാരുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മറികടന്ന് 25-ന് തന്നെ ചില അംഗങ്ങള്‍ സിനിമകള്‍ റിലീസിംഗിന് നല്‍കിയതാണ് പ്രശ്‌നത്തിന് വഴിവെച്ചത്.  
ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്നിന് മൂന്നു വിതരണ കമ്പനികളെയും ഒരു അംഗത്തെയും സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇവരെ സഹായിച്ചെന്ന കുറ്റത്തിനു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സി.വി. രാമകൃഷ്ണനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. 
വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും പ്രശ്‌നങ്ങള്‍ ഒരുവശത്ത് ഉയര്‍ന്നപ്പോള്‍ മറുവശത്ത് നിര്‍മാതാക്കളും തൊഴിലാളികളും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഇരുകൂട്ടരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ സിനിമാ നിര്‍മാണം തടസപ്പെടുത്തുന്നതു വരെയെത്തി. 
നിര്‍മാണചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സിനിമാ വ്യവസായം നഷ്ടത്തിലാണെന്നു കാണിച്ച് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്നു മുതല്‍ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിനും തുടക്കമിട്ടു. തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ ഫലം കാണാതെ പോയ സാഹര്യത്തിലാണു നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള അടിയന്തര തീരുമാനം അസോസിയേഷന്‍ സ്വീകരിച്ചത്. വളരെ പെട്ടന്നുള്ള തീരുമാ്യൂമായിരുന്നതിനാല്‍ നിര്‍മാണത്തിലിരുന്ന സിനിമകള്‍ പായ്ക്കപ്പ് ചെയ്യുന്നതിനു മൂന്നു ദിവസം കൂടി അസോസിയേഷന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ തന്നെ ഒരു വിഭാഗം സമരത്തിനെതിരെ രംഗത്തുവരികയും സിനിമാ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. എട്ടു ചിത്രങ്ങള്‍ അപ്പോള്‍ നിര്‍മാണത്തിലായിരുന്നു. അസോസിയേഷന്റെ തീരുമാനത്തെ മറികടന്ന് നിര്‍മാണം തുടര്‍ന്ന അംഗങ്ങള്‍ക്കെതിരെ സംഘടനാപരമായ നടപടിക്കു നേതൃത്വം തുനിഞ്ഞിരുന്നെങ്കിലും പിന്നീടതു ഒഴിവാക്കി. വിലക്കു നിലനില്‍ക്കെ തന്നെ നാലു ചിത്രങ്ങളുടെ നിര്‍മാണം കൂടി ആരംഭിച്ചത് നേതൃത്വത്തിനു തിരിച്ചടിയാകുകയും ചെയ്തു. തുടര്‍ന്ന് ഫെഫ്കയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗത്തിനും സ്വീകാര്യമായ കരാറുണ്ടായതോടെ നവംബര്‍ 28ന് സമരം പിന്‍വലിക്കുന്നതായി പ്രൊഡ്യൂസേഴ്‌സ അസോസിയേഷന്‍ അറിയിച്ചു. 

കൂട്ടായ പ്രതിഷേധവും ചില ഒറ്റപ്പെട്ട സംഭവങ്ങളും
ഡിസംബര്‍, ജനവരി മാസങ്ങളിലെ അവധിക്കു ശേഷം ഫെബ്രുവരിയില്‍ വീണ്ടും സമര കാഹളമുയര്‍ന്നു. എതിര്‍പ്പുകള്‍ മാറ്റിവച്ച് എല്ലാവരും ചേര്‍ന്നുള്ള സമരമാണ് ഫെബ്രുവരി 23ന് കേരളം കണ്ടത്. സിനിമാ മേഖലയില്‍ സേവന നികുതി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്. 
ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കും കഴിഞ്ഞ ആറു മാസത്തിനിടെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു. യുവനടിയായ നിത്യാമേനോനെ നിര്‍മാതാവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചതാണ് പ്രധാന സംഭവം. നിത്യാമേനോനെ ന്യായീകരിച്ച് താരസംഘടനയായ അമ്മയും മറ്റും രംഗത്തെത്തിയെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുംപിടുത്തം തുടര്‍ന്നു. നിത്യാമേനോന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നു കാണിച്ച് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു നിര്‍മാതാക്കള്‍ കത്തു നല്‍കിയതും ഏറെ ചര്‍ച്ചയ്ക്കു വഴിവച്ചു. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തിയറ്റര്‍ അടച്ചിട്ടുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ രംഗത്തെത്തിയതും ശ്രദ്ധേയമായി. 
സിനിമാ മേഖലയിലെ സ്വന്തം സമരങ്ങള്‍ക്കു പുറമേ വിവിധ കാര്യങ്ങള്‍ക്കായി വിവിധ സംഘടനകള്‍ നടത്തിയ ഹര്‍ത്താലും സിനിമാ മേഖലയുടെ ചിറകൊടിച്ചു. തിയറ്ററുകള്‍ പൂട്ടിക്കിടക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയായി മാറി.

Language: Malayalam
Contributed & Article By
Mr. Anil Thomas


About Author

Post a Comment

 
Top