Readers Mirror Readers Mirror Author
Title: കാരുണ്യത്തിന്റെ അന്നമൊരുക്കി തണല്‍
Author: Readers Mirror
Rating 5 of 5 Des:
    ജീവിക്കാന്‍ പോരാടുന്ന അടിസ്ഥാനവര്‍ഗങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വെയിലേറ്റു വാടാതെ തണല്‍ നല്‍കി സാക്ഷാത്‌ക്കാരിക്കുകയാണ്‌ തണല്‍...

    ജീവിക്കാന്‍ പോരാടുന്ന അടിസ്ഥാനവര്‍ഗങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വെയിലേറ്റു വാടാതെ തണല്‍ നല്‍കി സാക്ഷാത്‌ക്കാരിക്കുകയാണ്‌ തണല്‍ എന്ന സംഘടന. കാക്കനാട്‌ മോഡല്‍ എന്‍ജിനീയറിംഗ്‌ കോളജിലെ എന്‍എസ്‌എസിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ തണലിന്റെ കാരുണ്യം അനുഭവിക്കുന്നവര്‍ നിരവധിയാണ്‌.
അനാഥര്‍ക്കും അശരണര്‍ക്കും കൈത്താങ്ങായി 2011 ജനുവരി 11 നാണ്‌ തണല്‍ എന്ന ചാരിറ്റി സംഘടനയുടെ ജനനം. കോളജിലെ എം.ടെക്‌ വിദ്യാര്‍ഥിയായ എസ്‌.ആര്‍. അനസിന്റേതായിരുന്നു ആശയം. പാവപ്പെട്ട ജനങ്ങളുടെ ജീവിത ദുരിതങ്ങളെക്കുറിച്ച്‌ സ്വയം ബോധ്യപ്പെടുത്തുന്നതിനൊപ്പം മറ്റ്‌ കുട്ടികളെകൂടി അതു ബോധ്യപ്പെടുത്തുക, മനുഷ്യാവകാശത്തിന്റെ സംരക്ഷകരാകുക, ചാരിറ്റിയെന്നത്‌ സേവനമല്ലെന്നും പൗരന്റെ കടമയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നത്‌.

   സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ സംരക്ഷിക്കുന്നതിനായി ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്‌ തണല്‍ ചെയ്യുന്നത്‌. അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുക. ഭക്ഷണവും വസത്രങ്ങളും നല്‍കുക, നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സാ സഹായങ്ങള്‍ ചെയ്യുക തുടങ്ങിയവ തണലിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളാണ്‌. കോളജിലെ വിദ്യാര്‍ഥികളില്‍ നിന്നുതന്നെയാണ്‌ അതിനുള്ള സാമ്പത്തിക സഹായം തേടുന്നത്‌. യുവാക്കളെ ദാനശീലരാക്കുന്നതിനും അതിലൂടെ പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തുന്നതിനുമായി ഒരു ദിവസം ഒരു രൂപ സംഭാവന പദ്ധതിക്ക്‌ ഇതോടനുബന്ധിച്ച്‌ തണല്‍ രൂപം നല്‍കിയിരുന്നു. കോളജിലെ എല്ലാ കുട്ടികളും തന്നെ ഈ പദ്ധതിയോടു സഹകരിച്ചു. എല്ലാവരും ദിവസവും ഒരു രൂപ നിര്‍ധനരായവരെ സഹായിക്കാന്‍ മാറ്റിവെയ്‌ക്കുന്നു. മുപ്പതിനായിരത്തോളം രൂപയാണ്‌ ഇത്തരത്തില്‍ ഒരു ദിവസം സംഘടനയ്‌ക്കു ലഭിക്കുന്നത്‌. ഇതിലൊരു ഭാഗം എറണാകുളം ജനറല്‍ ആശുപത്രിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മരുന്നു വാങ്ങാനായി വിനിയോഗിക്കുന്നു.
    ആഘോഷങ്ങള്‍ വിദൂര സ്വപ്‌നമായിമാത്രം ഒതുങ്ങപ്പെട്ട്‌ അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും കഴിയുന്നവരിലേക്ക്‌ കേക്ക്‌ മുറിച്ചും ഭക്ഷണവും വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റും വിതരണം ചെയ്‌തും ഈ വിദ്യാര്‍ഥികള്‍ കാരുണ്യത്തിന്റെ വേറിട്ട ഭാവമാകുന്നു.
   

മൂന്നുമാസം കൂടുമ്പോള്‍ കോളജിലെ കുട്ടികളില്‍ നിന്നും പഴയ വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും പുസ്‌തകങ്ങളും ശേഖരിച്ച്‌ അനാഥാലയങ്ങള്‍ക്കും വൃദ്ധ സദനങ്ങള്‍ക്കും നല്‍കും. ഇതിനായി കോളജിന്റെ വിവിധ ഭാഗങ്ങളില്‍ വയ്‌ക്കുന്ന ബോക്‌സുകളില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന വസ്‌ത്രങ്ങളും മറ്റും പ്രൊവിഡന്‍സ്‌ ഹോം വില്ലേജ്‌, ബത്‌ലഹേം അഭയഭവന്‍ കൂവപ്പടി, സ്‌നേഹഭവന്‍ പള്ളുരുത്തി, എന്നിവിടങ്ങളില്‍ എത്തിക്കുന്നു. യുവാക്കളില്‍ ദാനമനോഭാവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ തണല്‍ ഇതു ചെയ്യുന്നത്‌. ആഴ്‌ച്ചയിലൊരിക്കല്‍ തണലിന്റെ പ്രതിനിധികള്‍ വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സന്ദര്‍ശിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കും. പഴയ കമ്പ്യൂട്ടറുകള്‍ ശേഖരിച്ച്‌ കോളജിലെ ഇലക്ട്രോണിക്‌ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പുനര്‍ നിര്‍മിച്ച്‌ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ പഠനത്തിനായി നല്‍കുന്ന പദ്ധതിയും തണല്‍ നടത്തിവരുന്നു. ഇവരെ സമീപപ്രദേശത്തെ വിനോദ കേന്ദ്രങ്ങളിലേക്ക്‌ വിനോദയാത്ര സംഘടിപ്പിക്കുന്നു.
   അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും വഴിയരികില്‍ കഴിയുന്ന കുട്ടികള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന പദ്ധതിയായ അക്ഷയപാത്രയിലൂടെ നൂറുകണക്കിന്‌ കുട്ടികളാണ്‌ തണലിന്റെ കാരുണ്യം നുകരുന്നത്‌. എല്ലാ ബുധനാഴ്‌ചയും വിദ്യാര്‍ഥികളില്‍ നിന്ന്‌ ശേഖരിക്കുന്ന ഒരു പൊതി ഭക്ഷണം ഇതിനായി വിനിയോഗിക്കുന്നു. വഴിയരികിലും മറ്റും കഴിയുന്നവര്‍ക്ക്‌ അത്താഴം നല്‍കുന്നതിനായി ശനിയാഴ്‌ച്ചകളില്‍ കോളജിലെ മെന്‍സ്‌ ഹോസ്‌റ്റലില്‍ നിന്ന്‌ 100 പേര്‍ക്ക്‌ ആഴ്‌ച്ചയില്‍ ഭക്ഷണം നല്‍കുന്നു.
   നിര്‍ദ്ദനരായ കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു പദ്ധതി തുടങ്ങാനാണ്‌ തണലിന്റെ അടുത്ത ശ്രമം. കോളജില്‍ നിന്നും പഠിച്ചിറങ്ങി ജോലി ലഭിച്ചവരുടെ സഹായസഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്‌. ഇതിനായുള്ള ബാങ്ക്‌ അക്കൗണ്ട്‌ തണലിന്റെ പേരില്‍ ആരംഭിച്ചുകഴിഞ്ഞു. വേതനത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യുന്നതിനായി പലരും തയാറായിട്ടുമുണ്ട്‌. സ്‌കൂളില്‍ പോയി പഠിക്കാന്‍ മടിയുള്ള അനാഥരായ കുട്ടികളെ അവരുടെ അടുക്കലെത്തി പഠിപ്പിക്കാനുള്ള ശ്രമത്തിനും തണല്‍ തുടക്കമിട്ടിട്ടുണ്ട്‌.
     ഓണം, ക്രിസ്‌മസ്‌ പോലുള്ള ആഘോഷങ്ങള്‍ കോളജിനുള്ളില്‍ ഒതുക്കിനിര്‍ത്താതെ അനാഥാലയങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുളിലേക്കുകൂടി വ്യാപിപ്പിക്കാനും തണല്‍ ലക്ഷ്യമിടുന്നുണ്ട്‌. ഇതിനായി ഈ ദിവസങ്ങളില്‍ വീടുകളില്‍ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങള്‍ അനാഥാലയങ്ങളിലുള്ളവര്‍ക്കു ഇതൊടൊപ്പം നല്‍കും. നേത്രദാനത്തിലും രക്തദാനത്തിനും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top