Readers Mirror Readers Mirror Author
Title: ട്രെന്‍ഡ്‌ തുന്നുന്ന കൈവിരല്‍ത്തുമ്പുകള്‍
Author: Readers Mirror
Rating 5 of 5 Des:
    മലയാളത്തിന്റെ ഫാഷന്‍ മാനസം ഇപ്പോള്‍ സമീറ സനീഷ്‌ തുന്നുന്ന വസ്‌ത്രങ്ങള്‍ക്കു പിന്നാലെയാണ്‌. അറിയാം ഫാഷന്‍ പൂവിടുന്ന സമീറയുടെ മാനസത്ത...
  മലയാളത്തിന്റെ ഫാഷന്‍ മാനസം ഇപ്പോള്‍ സമീറ സനീഷ്‌ തുന്നുന്ന വസ്‌ത്രങ്ങള്‍ക്കു പിന്നാലെയാണ്‌. അറിയാം ഫാഷന്‍ പൂവിടുന്ന സമീറയുടെ മാനസത്തെക്കുറിച്ച്‌, സ്വപ്‌നങ്ങളെക്കുറിച്ച്‌... 
        സമീറയുടെ കൈവിരല്‍ത്തുമ്പുകളില്‍ പൂവിടുന്ന വസ്‌ത്രങ്ങള്‍ കേരളത്തിന്റെ ഫാഷന്‍ ട്രെന്‍ഡായി മാറുന്നു. സാള്‍ട്ട്‌ ആന്‍ പെപ്പറിറിലെ നീളന്‍ ഫ്രോക്കിനോടുള്ള മലയാളത്തിന്റെ പ്രണയം ഇനിയും തീര്‍ന്നിട്ടില്ല. സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന പേരില്‍ തന്നെ ആ നീളന്‍ ഫ്രോക്ക്‌ തേടി പ്രമുഖ കടകളില്‍ ആവശ്യക്കാരെത്തുന്നു. പ്രണയം എന്ന ചിത്രത്തില്‍ സമീര അവതരിപ്പിച്ചത്‌ ജ്യൂട്ട്‌ സില്‍ക്ക്‌ സാരിയായിരുന്നു. ഒരേസമയം ലളിതവും പ്രൗഢവുമായ ജ്യൂട്ട്‌ സില്‍ക്ക്‌ സാരി ഇപ്പോള്‍ വീട്ടമ്മമാരുടെ പ്രിയപ്പെട്ട കളക്ഷനായി മാറിയിരിക്കുന്നു.
   മലയാള സിനിമയുടെ വസ്‌ത്രാലങ്കാര രംഗത്ത്‌ നിലയുറപ്പിച്ച ചുരുക്കം പെണ്‍സാന്നിദ്ധ്യങ്ങളില്‍ ഒരാളാണ്‌ സമീറാ സനീഷ്‌. കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ഡിസൈനില്‍ നിന്നും ഒന്നാം റാങ്കോടെ ഫാഷന്‍ ഡിസൈനിംഗില്‍ പാസായ സമീറ, പരസ്യ ചിത്രങ്ങളില്‍ വസ്‌ത്രാലാങ്കാരം നടത്തിയാണ്‌ സിനിമാലോകത്തേക്ക്‌ അരങ്ങേറ്റം കുറിച്ചത്‌. പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ വൈറ്റ്‌ എലഫെന്റ്‌ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാ രംഗത്ത്‌ എത്തി.
   മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം ആഷിഖ്‌ അബുവിന്റെ ഡാഡി കൂളിലൂടെയായിരുന്നു. പിന്നെ, സോള്‍ട്ട്‌ & പെപ്പര്‍, ഇന്ത്യന്‍ റുപ്പി, പ്രാഞ്ചിയേട്ടന്‍, പ്രണയം തുടങ്ങി ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍. ഒരു പതിറ്റാണ്ടുകാലത്തെ കോസ്‌റ്റിയൂം ഡിസൈനിംഗ്‌ രംഗത്ത്‌ 300 ഓളം പരസ്യചിത്രങ്ങളിലും 25 സിനിമകള്‍ക്കും സമീറ തന്റെ വസ്‌ത്രാലങ്കാര മികവ്‌ തെളിയിച്ചു. മൂന്നു വര്‍ഷമായി സിനിമയില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. സമീറ ഡിസൈന്‍ ചെയ്‌ത പല വസ്‌ത്രങ്ങളും സിനിമയേക്കാളും വലിയ ഹിറ്റായി മാറി. കാലത്തിനൊത്തു കിതയ്‌ക്കാതെ മുന്നേറുന്ന സമീറയുടെ സിനിമാ ജീവിതത്തിലേക്ക്‌...

ഈ ഫീല്‍ഡ്‌ തെരഞ്ഞെടുക്കാനുള്ള കാരണം?
   അങ്ങനെ പ്രത്യേകിച്ച്‌ കാരണമൊന്നും എടുത്തുപറയാനില്ല. ഡിസൈനിംഗ്‌ എനിക്ക്‌ ഇഷ്‌ടമായിരുന്നു. പിന്നെ വരയ്‌ക്കും. സിനിമയിലെത്തുമെന്ന്‌ പ്രതീക്ഷിച്ചതല്ല. യാദൃശ്ചികമായി എത്തിപ്പെട്ടതാണ്‌ സിനിമയില്‍. ഇപ്പോള്‍ തുടര്‍ന്നു പോകുന്നു.


ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച്‌?
   മൂന്നു സിനിമകളിലാണ്‌ ഇപ്പോള്‍ വര്‍ക്ക്‌ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ലാലിന്റെ കോബ്ര, അന്‍വര്‍ റഷീദിന്റെ ഉസ്‌താദ്‌ ഹോട്ടല്‍, ആഷിഖ്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം. പ്രമേയത്തിന്റെ പ്രത്യേകതകള്‍കൊണ്ട്‌ വ്യത്യസ്ഥമാണ്‌ ഈ മൂന്ന്‌ സിനിമകളും. വ്യത്യസ്ഥമായ കോസ്‌റ്റിയൂമാണ്‌ മൂന്നിലും ഉപയോഗിച്ചിരിക്കുന്നത്‌. കോബ്രയിലെ കോസ്‌റ്റിയൂം കൂടുതല്‍ കളര്‍ഫുള്ളാണ്‌. ഉസ്‌താദ്‌ ഹോട്ടലില്‍ മുസ്ലീം ടച്ചുള്ള പരമ്പരാഗത വസ്‌ത്രങ്ങളാണെങ്കിലും അതില്‍ കുറെക്കൂടി മോഡേണൈസ്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. സിനിമയില്‍ മുമ്പ്‌ കണ്ടിട്ടില്ലാത്ത പുതുമയേറിയ വസ്‌ത്രാലങ്കാര രീതിയാണ്‌ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ ചെയ്‌തിരിക്കുന്നത്‌. മോഡേണ്‍ സമൂഹത്തിന്റെ കഥയായതിനാല്‍ മോഡേണ്‍ കോസ്‌റ്റിയൂം ഉപയോഗിച്ചിരിക്കുന്നു.


15 വര്‍ഷത്തിനിടെ മലയാള സിനിമയിലെ വസ്‌ത്രാലങ്കാര രംഗത്തുണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു?
    കോസ്‌റ്റിയൂം രംഗത്ത്‌ വിപ്ലകരമായ മാറ്റങ്ങളാണ്‌ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്‌. ആധുനിക വസ്‌ത്രധാരണ രീതി കൂടുതലായി സിനിമയില്‍ ഉപയോഗിച്ചു തുടങ്ങി. പാശ്ചാത്യ വസ്‌ത്രധാരണരീതികളെ അനുകരിക്കാനുള്ള ശ്രമം കണ്ടുവരുന്നുണ്ട്‌. പഴയകാല സിനിമകള്‍ നാച്യുറല്‍ ആയിരുന്നു. വസ്‌ത്രാലങ്കാരത്തിലും ആ നാച്യൂറാലിറ്റി സ്വീകരിച്ചു പോന്നിരുന്നു. എന്നാല്‍ ഇന്ന്‌ കാലം മാറി. ഗ്രാമ പശ്ചാത്തലത്തിലുള്ള സിനിമകള്‍ ഇന്ന്‌ കുറവാണ്‌. പുതിയ ഫാഷനിലുള്ള കോസ്‌റ്റിയൂം ഡിസൈനിംഗിലെന്നപോലെ ഗ്രാമീണ ശൈലിയിലുള്ള കോസ്‌റ്റിയൂമിലും വെല്ലുവിളികള്‍ ഏറെയുണ്ട്‌.

ഗാനരംഗങ്ങളില്‍ ലൈംഗിക ചുവയുള്ള വസ്‌ത്രധാരണത്തോടുള്ള അഭിപ്രായം?
    ചില സിനിമകള്‍ക്ക്‌ അത്തരം വസ്‌ത്രധാരണം അവശ്യമാണ്‌. എന്നാല്‍ അനാവശ്യമായി ചെയ്യുന്നതി}ോടു യോജിപ്പില്ല. കൂടുതല്‍ സിനിമകളിലും ഇത്തരം വസ്‌ത്രധാരണങ്ങള്‍ അനാവശ്യമാണെന്നാണ്‌ വ്യക്തിപരമായ അഭിപ്രായം.

പുതിയ ഫാഷനുകള്‍ കണ്ടെത്തുന്നത്‌ എങ്ങനെയാണ്‌?
   ധാരാളം സിനിമകള്‍ കാണുന്ന വ്യക്തിയാണ്‌ ഞാന്‍. സിനിമകളിലെ പുതിയ ഫാഷനുകള്‍ ശ്രദ്ധയോടെ വീക്ഷിക്കും. കൂടാതെ ഫാഷന്‍ മാസികകളും, ബുക്കുകളും, ഇന്റര്‍നെറ്റുമൊക്കെയാണ്‌ എന്റെ പാഠപുസ്‌തകങ്ങള്‍.

പൗരാണിക വസ്‌ത്രാലങ്കാര സിനിമകള്‍ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടോ?
    ആഗ്രഹമുണ്ട്‌. അത്തരം സിനിമകള്‍ കരിയറിലെ വ്യത്യസ്ഥ അനുഭവം ആയിരിക്കും. ഒരുപാട്‌ ഹോംവര്‍ക്ക്‌ ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ആവശ്യമായിവരും. അക്കാലത്തെ ചിത്രങ്ങളും പുസ്‌തകങ്ങളും കഥകളിലൂടെയുമൊക്കെയാണ്‌ റഫര്‍ ചെയ്യുന്നത്‌. എന്റെ ആദ്യ ചിത്രമായ വൈറ്റ്‌ എലഫെന്റ്‌ 1950 കാലഘട്ടത്തെ കഥപറയുന്ന ചിത്രമാണ്‌. ഇതില്‍ പൗരാണിക രീതിയിലുള്ള വസ്‌ത്രാലങ്കാരത്തിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌.

താങ്കളുടെ കോസ്റ്റ്യൂം ഡിസൈനിംഗിലെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്‌ എന്താണ്‌?
   അത്‌ പറയേണ്ടത്‌ ഞാനല്ലല്ലോ. എങ്കിലും പ്രൈമറി കളര്‍ ഒഴിവാക്കാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. കണ്ണിന്‌ ഡിസ്‌റ്റെര്‍ബന്‍സ്‌ ഉണ്ടാക്കുന്നതിനാലാണ്‌ പ്രൈമറി കളര്‍ ഒഴിവാക്കുന്നത്‌. പിന്നെ ചിലയിടത്ത്‌ അതു പ്രയോഗിക്കേണ്ടതായും വരും. കണ്ണിന്‌ ഡിസ്‌റ്റെര്‍ബന്‍സ്‌ ഉണ്ടാക്കുന്ന എല്ലാ കളറുകളും ഒഴിവാക്കാന്‍ ശ്രമിക്കും. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും പരമാവധി ശ്രമിക്കാറുണ്ട്‌. ഓരോ കഥാപാത്രങ്ങള്‍ക്ക്‌ അനുസരിച്ചാണല്ലോ വര്‍ക്ക്‌ ചെയ്യേണ്ടി വരിക. ഇപ്പോള്‍ ഒരു പടത്തിലെ അതേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ്‌ അടുത്ത പടത്തിലെങ്കില്‍ കോസ്റ്റ്യൂംസില്‍ എന്തെങ്കിലും വ്യത്യാസം വരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌.

താങ്കള്‍ ചെയ്‌ത വര്‍ക്കുകള്‍ പിന്നീട്‌ ഒരു ഫാഷനായി മാറിയിട്ടുണ്ടോ?
   ഞാന്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറില്‍ ഡിസൈന്‍ ചെയ്‌ത സ്‌കര്‍ട്ട്‌ മിക്കവരും ഉപയോഗിക്കുന്നത്‌ കാണാറുണ്ട്‌. എല്ലാ ഷോപ്പിലും ഇതാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ മോഡല്‍ എന്നു പറഞ്ഞ്‌ വില്‍ക്കുന്നുണ്ട്‌. അത്‌ കാണുമ്പോള്‍ ശരിക്കും സന്തോഷം തോന്നും. അതുപോലെ പ്രണയം എന്ന സിനിമയില്‍ ഉപയോഗിച്ച ജൂട്ട്‌ സില്‍ക്‌ സാരിയും ഏറെ പോപ്പുലര്‍ ആയി. സിമ്പിള്‍ ഡിസൈനിംഗ്‌ ആയിരുന്നെങ്കിലും ഒരുപാട്‌ വര്‍ക്ക്‌ ചെയ്യാനുണ്ടായിരുന്നു. എങ്കിലും ടെന്‍ഷനൊന്നുമില്ലായിരുന്നു. നമ്മള്‍ ചെയ്‌ത ഒരു വര്‍ക്കിന്‌ പോപ്പുലാരിറ്റി കിട്ടുമ്പോള്‍ സന്തോഷം ഉണ്ടാകാറുണ്ട്‌.
താങ്കള്‍ക്ക്‌ ഏറ്റവും സംതൃപ്‌തി തോന്നിയ വര്‍ക്ക്‌ ഏതാണ്‌?
    അത്‌ മലയാളത്തിലെ എന്റെ ആദ്യ സിനിമയായ ഡാഡി കൂള്‍ ആണ്‌. തുടക്കമായതിനാല്‍ തന്നെ ഏറെ വെല്ലുവിളികളെ നേരിടേണ്ടിവന്നു. ആഷിഖ്‌ അബുവിന്റെ പിന്തുണ ഏറെ സഹായകമായിട്ടുണ്ട്‌. പ്രാഞ്ചിയേട്ടന്‍ ദി സെയിന്റ്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, പ്രണയം എന്നിവയിലെ കോസ്‌റ്റിയൂമും ഏറെ സംതൃപ്‌തി നല്‍കി.

സിനിമ കണ്ടശേഷം കുറെക്കൂടി നന്നാക്കാമായിരുന്നു എന്ന്‌ തോന്നാറുണ്ടോ?

    അത്‌ എല്ലായ്‌പ്പോഴും തോന്നാറുണ്ട്‌. ഇപ്പോള്‍ ചെയ്യുന്നതായാലും, ചെയ്‌തു കഴിഞ്ഞ്‌ തിയേറ്ററില്‍പ്പോയി കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്‌ തോന്നാറുണ്ട്‌.

സിനിമയില്‍ എത്തുന്നതിന്‌ മുമ്പ്‌.?
    ഫാഷന്‍ ഡിസൈനിംഗ്‌ ഡിപ്ലോമ കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ റെയ്‌മണ്ട്‌സില്‍ കയറി. അപ്പോഴും ഫ്രീലാന്‍സായി വര്‍ക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. പിന്നെയാണ്‌ ആഡ്‌ ചെയ്യാന്‍ തുടങ്ങിയത്‌. അതുവഴി ഫിലിമില്‍ വന്നു. ആറു വര്‍ഷത്തോളം ആഡ്‌ ഫിലിം ചെയ്‌തു. അതിനിടയിലാണ്‌ വൈറ്റ്‌ എലഫന്റ്‌ എന്ന ഹിന്ദി സിനിമ ചെയ്‌തത്‌. ആഷിക്കിന്റെ ഡാഡി കൂളിലൂടെയാണ്‌ മലയാളം ഇന്‍ഡസ്‌ട്രിയിലേക്ക്‌ വരുന്നത്‌. വേഷം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ കൂടുതല്‍ ഡയറക്ടേഴ്‌സിന്റെ പടങ്ങള്‍ വന്നു തുടങ്ങി. അങ്ങനെ ഈ രംഗത്ത്‌ തന്നെ തുടരാന്‍ തീരുമാനിച്ചു.

ഏറ്റവും ഇഷ്ടപ്പെട്ട കോസ്റ്റ്യൂം ഡിസൈനര്‍?
    സബ്‌യാ സാബി മുഖര്‍ജി ആണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപെട്ട കോസ്റ്റ്യൂം ഡിസൈനര്‍. അദ്ദേഹത്തിന്റെ വര്‍ക്കിന്റെ കളര്‍
കോമ്പിനേഷനാണ്‌ ‌ എന്നെ ഏറെ ആകര്‍ഷിച്ചത്‌. ക്ലാസിക്‌ ടച്ചാണ്‌ അദ്ദേഹത്തിന്റെ വര്‍ക്കുകളുടെ പ്രത്യേകത. ഒപ്പം സിമ്പിളും എലഗന്റുമാണ്‌.

കേരളത്തിലെ പുതിയ ഫാഷന്‍ ട്രെന്‍ഡ്‌ എന്തായിരിക്കും?

   ഒരുപാട്‌ മാറ്റങ്ങള്‍ മലയാളിയുടെ ലൈഫ്‌ സ്‌റൈലില്‍ വന്നിട്ടുണ്ട്‌. ഈ വര്‍ഷത്തില്‍ ഇതില്‍ മാറ്റമുണ്ടാകും. വ്യത്യസ്ഥതയെ സ്വീകരിക്കാനാണ്‌ മലയാളിക്ക്‌ ഏറെ താല്‍പര്യം. ലേഡീസിന്റെ ഇടയില്‍ ചുരിബോട്ടം ആണല്ലോ ഇപ്പോള്‍ ഫാഷന്‍. അത്‌ മാറി സല്‍വാറിലേക്ക്‌ തന്നെ തിരിച്ചു നടക്കാന്‍ സാധ്യതയുണ്ട്‌.

താങ്കള്‍ക്ക്‌ ലഭിച്ച അംഗീകാരങ്ങള്‍, അവാര്‍ഡുകള്‍
   പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റിന്‌ പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോള്‍ വയലാര്‍രാമവര്‍മ്മ ഫിലിം അവാര്‍ഡുണ്ട്‌, അതിപ്പോള്‍ ഏതു സിനിമക്കാണന്ന്‌ എടുത്തു പറഞ്ഞിട്ടില്ല.

കോസ്റ്റ്യൂം ഡിസൈനിംഗിനൊപ്പം പെയിന്റിംഗും ഉണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌.?
    അതേ, ചെറുപ്പം മുതല്‍ പെയിന്റിംഗില്‍ താല്‍പര്യമുണ്ടായിരുന്നു. ഏഴാം ക്‌ളാസ്സു മുതല്‍ കലാഭവനില്‍ ഡ്രോയിംഗും പഠിച്ചിട്ടുണ്ട്‌. പെയിന്റിംഗ്‌സും കുറച്ച്‌ ചെയ്യാന്‍ പറ്റിയിട്ടുണ്ട്‌. കോസ്റ്റ്യൂം ഡിസൈനിംഗ്‌ മേഖല തെരഞ്ഞടുക്കാനുള്ള ഒരു കാരണവും അതാണ്‌.

കോസ്‌റ്റിയൂം ഡിസൈനിംഗ്‌ രംഗത്തേക്ക്‌ ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ ആളുകളോട്‌ സമീറക്ക്‌ എന്താണ്‌ പറയാനുള്ളത്‌
    സാധ്യതകളെറെയുള്ള മേഖലയാണിത്‌. ഫാഷന്‍ ഡിസൈനിംഗ്‌ കഴിഞ്ഞവര്‍ക്ക്‌ ഇത്‌ കരിയര്‍ ആക്കാന്‍ പറ്റിയ മേഖലയാണ്‌. ചില ആളുകള്‍ക്കെങ്കിലും സിനിമ ഒരു മോശം ഫീല്‍ഡാണെന്ന തെറ്റിദ്ധാരണയുണ്ട്‌. അങ്ങനെയൊന്നും ഇല്ലെന്നതാണ്‌ സത്യം. ഞാനൊക്കെ ആദ്യം ഫീല്‍ഡിലേക്ക്‌ വരുമ്പോള്‍ വേണോ വേണ്ടേ എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒരു പ്രശ്‌നവും എനിക്ക്‌ നേരിടേണ്ടി വന്നിട്ടില്ല. നമുക്ക്‌ ധൈര്യമായി ജോലി ചെയ്യാന്‍ പറ്റുന്ന ഒരു മേഖലയാണിത്‌.


Language: Malayalam
Contributed & Article By
Mr. Anil Thomas

About Author

Post a Comment

 
Top